ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്നത് കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. യുഡിഎഫിന്റെ വിദ്യാഭ്യാസ നയം വിദ്യാർഥി വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യത്തിൽ വൈസ് ചാൻസലർമാർ വകുപ്പിന് മുകളിൽ നിൽക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഇതോടെ വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കുന്ന സാഹചര്യമാണുള്ളതെന്നും സഞ്ജീവ് പറഞ്ഞു. സർവകലാശാലകളുടെ പ്രവർത്തനങ്ങളിലും നിയമനങ്ങളിലും സർക്കാർ നയങ്ങൾക്കപ്പുറം മറ്റ് താൽപര്യങ്ങൾ ഇടപെടുന്നുണ്ടോ എന്നതും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്ദേമാതരം സമരത്തിലെ പൊലീസ് നടപടിക്കെതിരെ വിമർശനം
വന്ദേമാതരം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച നടപടി ക്രൂരമായിരുന്നുവെന്നും പി.എസ്. സഞ്ജീവ് ആരോപിച്ചു. നിലവിലുള്ള പൊലീസ് നയങ്ങളും മാനുവലിലെ വ്യവസ്ഥകളും തള്ളിയാണ് അന്ന് പൊലീസ് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് ലാത്തിച്ചാർജ് നടത്തേണ്ടതെന്ന് പൊലീസ് മാനുവലിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ഇത്തരം വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിയാണ് സമരക്കാർക്കെതിരെ പൊലീസ് ലാത്തി പ്രയോഗിച്ചതെന്നാണ് സഞ്ജീവിന്റെ ആരോപണം.
സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിലും പൊലീസ് ലാത്തിവീശിയതായി അദ്ദേഹം പറഞ്ഞു. അന്ന് കന്റോൺമെന്റ് സി.ഐയും എസ്.ഐയുമാണ് സമരത്തെ കൈകാര്യം ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തുന്നതിനെതിരെയും പി.എസ്. സഞ്ജീവ് രംഗത്തെത്തി. “ഏത് പൊലീസുകാരനെയാണ് എസ്എഫ്ഐക്കാർ വധിക്കാൻ ശ്രമിച്ചത്?” എന്ന് ചോദിച്ച അദ്ദേഹം, പ്രവർത്തകരെ വ്യാപകമായി കള്ളക്കേസുകളിൽ കുടുക്കുകയാണ് ലക്ഷ്യമെന്നും ആരോപിച്ചു.
വന്ദേമാതരം സമരത്തിനിടെ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകൻ ആദർശിനെതിരെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുകൂടി ചേർത്തത് തെറ്റായ നടപടിയാണെന്നും സഞ്ജീവ് പറഞ്ഞു. ഇഡിക്കെതിരായ സമരത്തിൽ പോലും ആദർശ് പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിന്റെ നടപടികൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും പ്രതിഷേധം ശക്തമാക്കുമെന്നും, വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എസ്എഫ്ഐ സമരരംഗത്ത് തുടരുമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
