പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ടി. വീണയെയും സംബന്ധിച്ചുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾക്കെതിരെ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ് ഇഡിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിയുടെ നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഈ ഗൂഢാലോചന ജനങ്ങൾ തള്ളിക്കളയുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഇഡിയുടെ നടപടികളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ തലത്തിൽ ഇഡിക്കെതിരെ സ്വീകരിക്കുന്ന നിലപാട് തന്നെയാണോ കേരളത്തിലും കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം, ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പുറത്തുവരുന്ന വിവരങ്ങൾക്കെതിരെ മുൻമന്ത്രിയും സിപിഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി. ഇഡി ചോർത്തിയതായി പറയപ്പെടുന്ന റിപ്പോർട്ടുകളിലെ വിവരങ്ങൾ തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥകളാണെന്ന് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
വീണ വിജയൻ ഇഡിക്ക് മുന്നിൽ ചില കാര്യങ്ങൾ സമ്മതിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള ആരോപണങ്ങൾക്കെതിരെ നിയമപരമായി പോരാടുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
