സിഎംആർഎൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തും വ്യാപാരിയുമായ ഹസൻ വാരിസ്. 22 വയസുള്ള തന്റെ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇഡി ഉദ്യോഗസ്ഥർ തന്നെ നിർബന്ധിച്ച് വ്യാജ മൊഴിയിൽ ഒപ്പിടിപ്പിച്ചെന്നാണ് വാരിസിന്റെ ആരോപണം.
മുഹമ്മദ് റിയാസിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ ഹസൻ വാരിസ്, തന്റെ പേരിൽ ഇഡി രേഖപ്പെടുത്തിയ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡയറക്ടർക്ക് കത്തയച്ചു. കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 18നാണ് മുഹമ്മദ് റിയാസിന്റെ സുഹൃത്തുകൂടിയായ ഹസൻ വാരിസിന്റെ വസതിയിൽ ഇഡി വിശദമായ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ അന്വേഷണ സംഘം തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ മൊഴിയിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തെന്നാണ് വാരിസ് പരാതിയിൽ പറയുന്നത്.
മുഹമ്മദ് റിയാസിൽ നിന്ന് വലിയ തുക കൈപ്പറ്റി ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്തേക്ക് കടത്തിയെന്ന തരത്തിലുള്ള മൊഴിയാണ് അന്വേഷണ സംഘം തയ്യാറാക്കി തന്റെ മുന്നിൽ വച്ചതെന്ന് വാരിസ് ആരോപിച്ചു. മൊഴിയിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ 22 വയസുള്ള മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെ ഗത്യന്തരമില്ലാതെയാണ് ഒപ്പിട്ടതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
റിയാസിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്നും ദുബായിലേക്ക് പണം കടത്തിയിട്ടില്ലെന്നും ഹസൻ വാരിസ് ആവർത്തിച്ചു.
അതേസമയം, സിഎംആർഎൽ പണമിടപാട് അന്വേഷണത്തിനിടെ പി.എ. മുഹമ്മദ് റിയാസ് അനധികൃതമായി പണം കൈപ്പറ്റിയെന്ന വിവരങ്ങൾ ലഭിച്ചതായി ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. 2024-25 കാലയളവിൽ മന്ത്രിയായിരിക്കെ റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക സിഎംആർഎല്ലിൽ നിന്നല്ല ലഭിച്ചതെന്നുമാണ് റിപ്പോർട്ടിലെ ആരോപണം.
പാർട്ടി നേതാക്കളും റിയാസിന്റെ സുഹൃത്തുക്കളുമായ നിഖിൽ, ഫൈജാസ് തുടങ്ങിയവരുടെ അക്കൗണ്ടുകൾ വഴി പണം വിദേശത്തേക്ക് കടത്തിയെന്നും ദുബായിൽ പുതിയ കമ്പനി സ്ഥാപിക്കാനും കച്ചവടങ്ങൾ നടത്താനുമാണ് തുക ഉപയോഗിച്ചതെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ട്.
ഈ നിഗമനങ്ങൾക്ക് ആധാരമായി ഇഡി ചൂണ്ടിക്കാട്ടിയ ഹസൻ വാരിസിന്റെ മൊഴിയാണ് ഇപ്പോൾ വാരിസ് തന്നെ പരസ്യമായി തള്ളിയിരിക്കുന്നത്. ഇതോടെ സിഎംആർഎൽ പണമിടപാട് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിനും വഴിതുറന്നിരിക്കുകയാണ്.
