എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രാഷ്ട്രീയ ലക്ഷ്യത്തോടെ അന്വേഷണങ്ങൾ നടത്തുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യങ്ങളും ഇ.ഡിയെ കൊണ്ട് അന്വേഷിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ മാസ്റ്റർ.

ആദ്യം ലക്ഷ്യം കണ്ടെത്തിയ ശേഷം അതിന് അനുസരിച്ചുള്ള കാര്യങ്ങളാണ് പിന്നീട് ഇ.ഡി ചെയ്യുന്നതെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കരുവന്നൂർ കേസെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ കേസിൽ മാനേജരെയും സെക്രട്ടറിയെയും ജയിലിൽ പോയി കണ്ട് പാർട്ടി നേതാക്കൾക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ചുവെന്നും അവരെ മാപ്പുസാക്ഷികളാക്കാമെന്ന ഉറപ്പ് നൽകിയെന്നുമാണ് എം.വി. ഗോവിന്ദന്റെ ആരോപണം. തുടർന്ന് സി.പി.ഐ.എമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടെ പ്രതികളാക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

സി.എം.ആർ.എൽ കേസിലും സമാനമായ രീതിയിലുള്ള കാര്യങ്ങളാണ് നടക്കുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ആദ്യം പുറത്തുവന്ന കഥയിൽ മൂന്ന് കോടി രൂപ മാത്രമാണ് പിണറായി വിജയൻ വാങ്ങിയതെന്നായിരുന്നു ആരോപണം. എന്നാൽ അത് കുറഞ്ഞുപോയെന്ന രീതിയിൽ ചില മാധ്യമങ്ങൾ പിന്നീട് തുക 20 കോടിയോളം ആക്കിയെന്നും അദ്ദേഹം പറഞ്ഞു. നാളെ ഇത് 2000 കോടി രൂപയാകുമോയെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു.

നേരത്തെ കേസിൽ ഇല്ലാത്ത റിയാസിനെ പ്രതിയാക്കാനുള്ള ശ്രമവും നടക്കുകയാണെന്നും ഇത് ബി.ജെ.പി അജണ്ടയുടെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർആരോപിച്ചു. ഇപ്പോൾ നടക്കുന്നത് പാർട്ടിക്കെതിരായ ശക്തമായ കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നീക്കങ്ങളെയെല്ലാം മറികടന്നാണ് സി.പി.ഐ.എം ഇവിടെവരെ എത്തിയതെന്നും ഇ.ഡിയുടെ നടപടികളിൽ ഭയപ്പെടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ‘ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട’ എന്നും പാർട്ടി ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡിയെ വലിയ കേന്ദ്ര അന്വേഷണ ഏജൻസിയായി കാണേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. 1956ൽ രൂപീകരിക്കപ്പെട്ട സംവിധാനമാണ് ഇ.ഡിയെന്നും അന്ന് ഏജൻസിക്ക് ഇന്നത്തെ രീതിയിലുള്ള ശക്തിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.പി.എ സർക്കാരിന്റെ കാലത്താണ് ഇ.ഡിക്ക് കൂടുതൽ ശക്തി ലഭിച്ചതെന്നും പി. ചിദംബരം ഇ.ഡിയെ പിന്തുണച്ചിരുന്നുവെന്നും പിന്നീട് അദ്ദേഹത്തിനെതിരെയും ഇ.ഡി നടപടിയുണ്ടായെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.