വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ആർഎസ്എസ് നിലപാട് അംഗീകരിക്കാത്തവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐഎം നേതാവ് കെ.കെ. രാഗേഷ് ആരോപിച്ചു. ജനാധിപത്യവിശ്വാസികൾ ഇതിനെതിരെ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസ് നയം അംഗീകരിക്കാത്തവരെ വേട്ടയാടാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണെന്നും എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിന്റെ അറസ്റ്റിൽ പ്രതിഷേധിക്കുന്നതായും രാഗേഷ് പറഞ്ഞു. കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ മഫ്ടിയിലെത്തിയ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സംഘമാണ് ജോയലിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

വന്ദേമാതരം പൂർണമായി ചൊല്ലുന്നതിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തതിന്റെ പേരിലാണ് ജോയലിനെ അറസ്റ്റ് ചെയ്തതെന്നാണ് രാഗേഷിന്റെ ആരോപണം. ക്യാമ്പസിൽ പൊലീസ് അതിക്രമിച്ച് കയറി വിദ്യാർഥികളുടെ മുന്നിൽവെച്ച് അറസ്റ്റ് ചെയ്തത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിന്റെ മതേതര സ്വഭാവം തകർക്കുകയും ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന നടപടികൾക്കെതിരെ വിദ്യാർഥികൾ ഇനിയും പ്രതികരിക്കുമെന്ന് രാഗേഷ് പറഞ്ഞു. പൊലീസ് നടപടികളെ ഭയന്ന് കണ്ണൂരിലെ വിദ്യാർഥികൾ നിശ്ശബ്ദരാകില്ലെന്നും ജനാധിപത്യ-മതേതര കേരളം വിദ്യാർഥികൾക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.