റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ ജിഎസ്ടി വകുപ്പ് നടത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക്. പൗരാവകാശങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും മുകളിൽ ഒരു കാരണവുമില്ലാതെ ഭരണകൂടത്തിന് കടന്നുകയറാൻ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ ചാനലിനെതിരെ യുഡിഎഫ് സർക്കാർ പൊലീസിനെയും സർക്കാർ സംവിധാനങ്ങളെയും ഉപയോഗിച്ച് കടന്നാക്രമണം നടത്തുകയാണെന്നാണ് തോമസ് ഐസകിന്റെ ആരോപണം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ സ്വീകരിച്ച നടപടികൾ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഎസ്ടി വകുപ്പ് സ്വീകരിച്ച നടപടിയിൽ ജിഎസ്ടി ഡയറക്ടർ വ്യക്തമായ വിശദീകരണം നൽകണമെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിൽ ജിഎസ്ടിയെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇല്ലാത്ത കേസുകൾ സൃഷ്ടിച്ച് മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുകയാണെന്നും ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന രീതിയുടെ മറ്റൊരു പതിപ്പാണ് കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും തോമസ് ഐസക് വിമർശിച്ചു.
ചില മാധ്യമങ്ങൾ സർക്കാരിന് പിന്തുണ നൽകുന്നത് അവരുടെ മത്സരബുദ്ധിയുടെ ഭാഗമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരാവകാശങ്ങളെ മറികടന്ന് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.എസ്.ടി. സംവിധാനത്തിന് വിശ്വാസ്യതയും പ്രാധാന്യവുമുണ്ടെങ്കിലും അടിസ്ഥാനരഹിതമായ നടപടികളിലൂടെ അതിന്റെ വിശ്വാസ്യത തകർക്കരുതെന്നും തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഇതുപോലൊരു അസാധാരണ സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
