എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നീക്കങ്ങൾ സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യമിട്ടുള്ളതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. പിണറായി വിജയന്റെ പേര് ഉപയോഗിച്ച് പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം നേരത്തെ തന്നെ രാഷ്ട്രീയ എതിർപ്പ് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. പിണറായി വിജയനെ കേസിൽ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ ആരോപണങ്ങൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റിയാസിനെയും ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തുകയാണെന്നും വ്യക്തികളല്ല, പാർട്ടിയാണ് ലക്ഷ്യമെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

ഹവാല ഇടപാടുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളെയും അദ്ദേഹം വിമർശിച്ചു. ബേപ്പൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പിനെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണെന്നും, ഓരോ മണ്ഡലത്തിലെയും വികസന പ്രവർത്തനങ്ങൾക്കായി ഇത്തരം ഗ്രൂപ്പുകൾ രൂപീകരിക്കാറുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇഡിക്കെതിരെ ശക്തമായ രാഷ്ട്രീയ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ വിവിധ സ്കൂൾ, കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലെ എസ്‌എഫ്‌ഐയുടെ മുന്നേറ്റവും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. 699 സ്കൂളുകളിൽ 604 ഇടത്ത് എസ്‌എഫ്‌ഐ വിജയിച്ചതായും കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലും സംഘടന മുന്നേറ്റം നടത്തിയതായും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മുന്നേറ്റമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.