സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നടപടി ജനവിരുദ്ധവും അക്കാദമിക് വഞ്ചനയുമാണെന്നും ശിവൻകുട്ടി ആരോപിച്ചു.
അക്കാദമിക് പഠനവും ചർച്ചയും നടത്താതെയാണ് തീരുമാനം നടപ്പാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. എഴുതാനും വായിക്കാനും അറിയാത്ത വിദ്യാർഥികൾ പത്താം ക്ലാസിൽ ഉന്നത വിജയം നേടുന്നുവെന്ന വിമർശനം ഒഴിവാക്കുന്നതിനായാണ് എൽഡിഎഫ് സർക്കാർ സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയതെന്ന് ശിവൻകുട്ടി പറഞ്ഞു.
പൊതുസമൂഹം ഏറ്റെടുത്ത സംവിധാനമാണ് ഇപ്പോൾ ഒഴിവാക്കുന്നത്. വിദ്യാർഥികളുടെ ഭാവി വെച്ച് പന്താടുന്ന നടപടിയാണിതെന്നും തീരുമാനം ഉടൻ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സബ്ജക്ട് മിനിമം മാർക്ക് സംബന്ധിച്ച് ആദ്യം പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞവർ പോലും പിന്നീട് അത് അംഗീകരിച്ചിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. ദേശീയതലത്തിലും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മികവ് നൽകുന്ന പദ്ധതിയായിരുന്നു ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. പദ്ധതിയിലൂടെ സർക്കാരിന് സാമ്പത്തിക ബാധ്യതയൊന്നും ഉണ്ടാകില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
8, 9, 10 ക്ലാസുകളിൽ നിലവിലുണ്ടായിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ അധ്യയന വർഷം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇതോടെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന പഠനപിന്തുണാ ക്ലാസുകളും ഇല്ലാതാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം ഉറപ്പാക്കുന്നതിനായാണ് എൽഡിഎഫ് സർക്കാർ 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയിരുന്നത്.
