മാധ്യമങ്ങളെ വിമർശിച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. ചില മാധ്യമങ്ങളെപ്പോലെ പത്രപ്രവർത്തക യൂണിയനും വിമർശനവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെയായോയെന്ന് അദ്ദേഹം ചോദിച്ചു.
താൻ നടത്തിയ പരാമർശങ്ങളിൽ ഏതാണ് അധിക്ഷേപമായി തോന്നിയതെന്നും, പോസ്റ്റിന്റെ ആദ്യഭാഗത്തിൽ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി നൽകാതെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും എം ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാധ്യമങ്ങളെ നായകളോട് ഉപമിച്ചുവെന്ന ആരോപണവും അദ്ദേഹം തള്ളി.
‘വാച്ച് ഡോഗ്’ എന്ന പ്രയോഗം മാധ്യമപ്രവർത്തനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതാണെന്നും അത് അപമാനപരമായ വിശേഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ലാപ് ഡോഗ് മീഡിയ’ എന്ന പ്രയോഗം അമേരിക്കൻ രാഷ്ട്രീയ നിരൂപകനായ ലാറി ജെ. സബാറ്റോ ഉപയോഗിച്ചതാണെന്നും, പിന്നീട് ഇന്ത്യൻ മാധ്യമപ്രവർത്തകൻ രവീഷ് കുമാർ ‘ഗോദി മീഡിയ’ എന്ന പ്രയോഗത്തിലൂടെയും സമാന വിമർശനം ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളുമായുള്ള ഇടതുപക്ഷത്തിന്റെ ബന്ധം നിരുപാധികമല്ലെന്നും വിമർശനാത്മകമാണെന്നും എം ബി രാജേഷ് പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തുന്ന ചില അവതാരകരെതിരെ പ്രതികരിക്കാത്തവർ ഇപ്പോൾ ന്യായമായ വിമർശനത്തിന്റെ പേരിൽ പ്രതിഷേധിക്കുന്നത് കാപട്യമാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ പോസ്റ്റിൽ ഉന്നയിച്ച വിഷയങ്ങൾ എത്ര മാധ്യമങ്ങളിൽ പ്രധാന വാർത്തയായോ ചർച്ചയായോ വന്നുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില മാധ്യമങ്ങളുടെ ഏകപക്ഷീയമായ വലതുപക്ഷ വിധേയത്വം തുടരുമ്പോഴും നിഷ്പക്ഷതയുടെ അവകാശവാദം നിലനിർത്താനാകുമോയെന്നും എം ബി രാജേഷ് ചോദിച്ചു.
മാധ്യമ അധിക്ഷേപത്തിനും വ്യക്തിഹത്യയ്ക്കും നിരന്തരം ഇരയാകുന്നവരാണ് തങ്ങളെന്നും, എന്നിരുന്നാലും മാധ്യമങ്ങളെ തിരിച്ച് അധിക്ഷേപിക്കില്ലെന്നും എന്നാൽ വിമർശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
