തോപ്പുംപടി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി. തോമസ് ഐസക്ക്. കെട്ടിടത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയെ അട്ടിമറിക്കാനും വിവാദങ്ങളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ഫ്ലാറ്റ് പൊളിക്കാനുള്ള നീക്കത്തിന് പിന്നിലെന്നും തോമസ് ഐസക്ക് ആരോപിച്ചു. യാതൊരു പഠനവും നടത്താതെയാണ് മുഖ്യമന്ത്രി ഫ്ലാറ്റ് പൊളിച്ചുനീക്കാൻ നിർദേശിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

ചോർച്ച, പ്ലംബിങ് തകരാറുകൾ തുടങ്ങിയവ പുതിയ കെട്ടിടങ്ങളിലും ഉണ്ടാകാവുന്ന ചെറിയ പോരായ്മകളാണെന്നും അതിന്റെ പേരിൽ മുഴുവൻ കെട്ടിടവും പൊളിക്കേണ്ടതെന്തിനാണെന്നും തോമസ് ഐസക്ക് ചോദിച്ചു.

അതേസമയം, മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.