കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിക്കുന്ന വന്ദേമാതരം ദേശീയ സെമിനാറിനെ ചൊല്ലി വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. സെമിനാറിൽ ആർഎസ്എസ് നേതാക്കൾ പങ്കെടുക്കുന്നതിനെതിരെയാണ് എസ്‌എഫ്‌ഐ, എംഎസ്‌എഫ്, എൻഎസ്‌യുഐ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധത്തിനിടെ വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായതായും റിപ്പോർട്ടുണ്ട്. പരിപാടിയിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്ന പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാറിനെ ക്യാംപസിൽ പ്രവേശിപ്പിക്കില്ലെന്നാണ് വിദ്യാർഥി സംഘടനകളുടെ പ്രഖ്യാപനം.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഇന്ന് ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്. സർവകലാശാല ലൈബ്രറി സെമിനാർ ഹാളിലാണ് പരിപാടി നടക്കുന്നത്.
ആർഎസ്എസ് നേതാക്കൾ മുഖ്യപ്രഭാഷകരാകുന്ന സെമിനാറിന് അക്കാദമിക പ്രാധാന്യമില്ലെന്നും ഇത് ക്യാംപസിലെ കാവിവത്കരണ അജണ്ടയുടെ ഭാഗമാണെന്നും വിദ്യാർഥി സംഘടനകൾ ആരോപിച്ചു. മതനിരപേക്ഷവും ജനാധിപത്യപരവുമായ ക്യാംപസ് അന്തരീക്ഷം സംരക്ഷിക്കുന്നതിനായാണ് പ്രതിഷേധമെന്നാണ് അവരുടെ വിശദീകരണം.
അതേസമയം, പരിപാടി തടസപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകി. സെമിനാർ സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
