കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. ആർഎസ്എസിൻ്റെ ശാഖകൾക്കു സംരക്ഷണം നൽകാൻ ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കൽപ്പിച്ചിട്ടുണ്ടോ എന്ന് മുൻ മന്ത്രി കൂടിയായ അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു. ആർഎസ്എസ് ശാഖാ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ട് നൽകിയിട്ടിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ തുറന്നുപറച്ചിലിന് പിന്നാലെയാണ് അബ്ദുറബ്ബിൻ്റെ വിമർശനം.

‘മത ന്യൂനപക്ഷങ്ങൾക്കും, മർദ്ദിത പീഡിത വിഭാഗങ്ങൾക്കും
ജീവിക്കാനും, വിശ്വസിക്കാനും,
ആരാധിക്കാനും,
പ്രബോധനം ചെയ്യാനും
ഇഷ്ടഭക്ഷണം കഴിക്കാനും വരെ
ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും, അവരെ
ഉൻമൂലനം ചെയ്യാൻ
പദ്ധതിയിടുകയും ചെയ്യുന്ന
ആർഎസ്എസിനെ സംരക്ഷിക്കേണ്ട
ബാധ്യത ആർക്കാണ്,’

‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആർഎസ്എസുകാരൻ വെടിയുതിർത്തിട്ടാണെന്നും അതെങ്കിലും മറക്കാതിരുന്നുകൂടെയെന്നും അബ്‌ദുറബ്ബ് കുറിപ്പിൽ കൂട്ടിച്ചേർത്തു.

എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് കോൺഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നേരത്തെ ശാഖ ഉണ്ടായിരുന്നില്ല. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സിപിഎം എതിർപ്പുണ്ടായി. അപ്പോഴാണ് ആർഎസ്എസിന് സഹായം നൽകിയതെന്നും സുധാകരൻ ബുധനാഴ്ച പറഞ്ഞു.