നവംബർ 5, 6 തിയതികളിൽ  ചേർന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി സാംസ്കാരികരംഗവും വർത്തമാനകാല കടമകളും എന്ന രേഖ അംഗീകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു. എറണാകുളത്തു ചേർന്ന സംസ്ഥാന സമ്മേളനം ഇത്തരമൊരു രേഖ തയ്യാറാക്കണമെന്ന്‌ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പാർടി സംസ്ഥാന കമ്മിറ്റി  രേഖ ചർച്ച ചെയ്തത്. തീവ്രഹിന്ദുത്വവാദ നിലപാട് സ്വീകരിക്കുന്ന ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ രാജ്യത്തിന്റെ മതനിരപേക്ഷ സംസ്കാരത്തെ പൂർണമായും തകർക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വവൽക്കരണത്തിന്റെ ഭാഗമായി ജനമനസ്സുകളെ വർഗീയവൽക്കരിക്കുന്നതിന്‌ സാംസ്കാരികരംഗത്തെ ഉപയോഗിക്കുന്ന നില ശക്തമായി തുടരുകയാണ്‌.

ഫാസിസ്റ്റ്‌ ഭരണക്രമത്തിന്‌ അടിത്തറയൊരുക്കുന്നു

ബൂർഷ്വാ–ഭൂപ്രഭു വർഗത്തിന്റെ കാഴ്ചപ്പാടുകൾ നമ്മുടെ രാജ്യത്തിന്റെ സാംസ്കാരികരംഗത്ത് സജീവമാണ്‌.  ഈ ദൗർബല്യങ്ങളുടെ പശ്ചാത്തലത്തെ ഉപയോഗപ്പെടുത്തിയാണ് സംഘപരിവാർ അവരുടെ അജൻഡകൾ സ്ഥാപിക്കുന്നതിന് സാംസ്കാരികമേഖലയിൽ  ശക്തമായി ഇടപെടുന്നത്‌.
സാമൂഹ്യജീവിതത്തിന്റെ ആകെ തുകയെന്നനിലയിലാണ് പുതിയ കാലത്ത് സംസ്കാരത്തെ നാം വീക്ഷിക്കുന്നത്. സാംസ്കാരികമായ അധീശത്വംവഴി നേട്ടങ്ങൾ സൃഷ്ടിക്കാമെന്ന്‌ വലതുപക്ഷം ചിന്തിക്കുന്നു. ബഹുസ്വരതയെ തകർക്കുന്നതിനും ജനകീയ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുമാണ് അവരുടെ ശ്രമം. ലോക വ്യാപകമായി ഉയർന്നുവരുന്ന മൗലിക  പ്രശ്നങ്ങളിൽനിന്ന്‌  ജനശ്രദ്ധ തിരിച്ചുവിടാനും, ദൈനംദിന ജീവിതപ്രയാസങ്ങളെ മുൻനിർത്തി രൂപപ്പെടുന്ന സമരങ്ങളെയും പ്രക്ഷോഭങ്ങളെയും മുദ്രാവാക്യങ്ങളെയും നവലിബറലിസവും വർഗീയതയും വഴിതിരിച്ചുവിടുകയാണ്. ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കുംമേൽ വർഗീയ കാഴ്ചപ്പാടുകൾ  പ്രതിഷ്ഠിച്ച് സംഘർഷങ്ങൾ ബോധപൂർവം സൃഷ്ടിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്‌. ആർഎസ്‌എസ്‌ ഉയർത്തുന്ന കാഴ്‌ചപ്പാടുകളെ ഹിന്ദുത്വമെന്നനിലയിൽ വളർത്തിക്കൊണ്ടുവന്ന്‌ ഒരു ഫാസിസ്റ്റ് ഭരണക്രമത്തിന് അടിത്തറയൊരുക്കാനുള്ള  ശ്രമങ്ങളാണ് നടക്കുന്നത്.

ഇന്ത്യയിലെ സാംസ്കാരികരംഗത്ത് നടക്കുന്ന ഇടപെടലുകൾ കേരളീയ സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത്‌ ഏറെ പ്രധാനമാണ്. അതിന് ഉതകുന്നവിധം നമ്മുടെ സാംസ്കാരികരംഗത്തെ പ്രവർത്തനങ്ങൾ ഏതു തരത്തിലാകണമെന്നതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായാൽ  മാത്രമേ അതിനെ പ്രതിരോധിക്കാനാകൂ. ബിജെപിക്ക് കേരള നിയമസഭയിൽ ഒരംഗംപോലും ഇല്ലെങ്കിലും സാംസ്കാരികരംഗത്ത് ഹിന്ദുത്വ ആശയങ്ങൾ ശക്തമായി പ്രചരിക്കുന്ന നില വളർത്തിക്കൊണ്ടുവരുന്നുണ്ട്. ഇത് മനസ്സിലാക്കി ഇടപെടുകയെന്നത്‌ പ്രധാനമാണ്. അവയെ തകർത്തുകൊണ്ടേ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ ദുർബലപ്പെടുത്താനാകൂവെന്ന് തിരിച്ചറിയണം.

മതനിരപേക്ഷ സംസ്‌കാരം ശക്തിപ്പെടുത്തണം

സംഘപരിവാറിന്റെ സാംസ്കാരികമേഖലയിലെ  പ്രവർത്തനങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. അതിന്റെ ഫലമായി തങ്ങളുടേതായ സാംസ്കാരിക സ്വത്വങ്ങൾ വികസിപ്പിച്ചെടുത്ത് അവയെ പ്രതിരോധിക്കുന്നതിനുള്ള ഇടപെടലുകളും ശക്തിപ്പെടുകയാണ്. ഇത് സമൂഹത്തിൽ വലിയ ധ്രുവീകരണം സൃഷ്ടിക്കുന്നു.  അരാജകവാദം മുന്നോട്ടുവയ്ക്കുന്ന സംഘങ്ങളാകട്ടെ പൊതുവായ സാംസ്കാരിക പ്രതിരോധങ്ങളെ ദുർബലപ്പെടുത്തി  തളർത്താൻ ശ്രമിക്കുന്നു.

വർഗീയ സാംസ്കാരിക ഇടപെടലുകൾ ശക്തിപ്പെടുന്ന വർത്തമാനകാലത്ത്  മതനിരപേക്ഷ സംസ്കാരം ശക്തിപ്പെടുത്തുന്നതിന്‌ ഉതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലനിൽപ്പിനും വികാസത്തിനും അത്യന്താപേക്ഷിതമാണ്‌. ഭരണ രാഷ്ട്രീയതലങ്ങളിൽ ഒരു പുതിയ പാത സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്ന വർത്തമാനകാലത്ത് സാംസ്കാരികരംഗത്തും അത്തരം പ്രവർത്തനങ്ങൾ വേണം. ആ കടമ നിർവഹിക്കുകയാണ്,  സാംസ്കാരികരംഗത്തെ മുൻനിർത്തിയുള്ള  ഈ രേഖയിലൂടെ പാർടി സംസ്ഥാന കമ്മിറ്റി ലക്ഷ്യംവയ്‌ക്കുന്നത്.

സ്വത്വരാഷ്‌ട്രീയത്തിന്റെ ദൗർബല്യം തുറന്നുകാട്ടണം

സാംസ്‌കാരികരംഗത്ത് ശക്തമായി ഇടപെട്ട സമ്പന്നമായ പാരമ്പര്യം കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിക്കുണ്ട്. അതിലൂടെയാണ്‌ അടിസ്ഥാന ജനവിഭാഗത്തിന്റെ കാഴ്ചകളും  സ്വപ്നങ്ങളും നമ്മുടെ സാംസ്കാരികരംഗത്ത് കടന്നുവന്നിട്ടുള്ളത്. തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടങ്ങളും  മുന്നേറ്റങ്ങളും ഇതിന് കരുത്തുപകർന്നു. ഇടതുപക്ഷ സാംസ്കാരിക അവബോധം കേരളീയരുടെ മനസ്സിൽ രൂഢമൂലമായി. അങ്ങനെയാണ് ഒരു ഇടതുപക്ഷ മനസ്സ് കേരളത്തിൽ രൂപപ്പെട്ടത്‌.

കേരളീയ സമൂഹത്തിന്റെ വികാസത്തിന്റെ ഭാഗമായി ഇടത്തരം വിഭാഗങ്ങൾ സംസ്ഥാനത്ത് വളർന്നുവന്നു. ഈ ഘട്ടത്തിൽ വലതുപക്ഷ ആശയഗതികൾ ശക്തിപ്രാപിച്ചു. ആഗോളവൽക്കരണ നയങ്ങൾ സൃഷ്ടിച്ച വ്യാമോഹവും ചിന്തകളും ഇത്തരം രീതികൾക്ക് കരുത്തുപകർന്നു. പൊതുമണ്ഡലങ്ങൾ തകർക്കപ്പെടുകയും  വർഗീയമായ ആശയങ്ങളും  അരാഷ്ട്രീയ ചിന്തകളും സജീവമാകുകയും ചെയ്തു. നവോത്ഥാന മുന്നേറ്റങ്ങൾ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്‌ സ്ത്രീകളെ കൊണ്ടുവന്നു. എന്നാൽ, പൊതുജീവിതത്തിന്റെ എല്ലാ മേഖലയിലും സജീവമാകാൻ പറ്റാത്ത ബോധത്തിലേക്ക് ഇന്നും അത് എത്തിനിൽക്കുകയാണ്. കുടുംബ ഘടനയെപ്പോലും ജനാധിപത്യപരമായ രീതിയിൽ പുനഃക്രമീകരിക്കാനായില്ല എന്നതാണ് ഗാർഹികപീഡനങ്ങളുടെ വാർത്തകൾ വ്യക്തമാക്കുന്നത്. ആരാധനാലയങ്ങൾ വർഗീയ കാഴ്ചകളുടെ ഇടമായി രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളും വർഗീയശക്തികൾ നടത്തുകയുണ്ടായി. ശാസ്ത്രീയ അറിവുകൾ ജീവിതവീക്ഷണമായി രൂപപ്പെട്ടില്ല. മാധ്യമങ്ങളാകട്ടെ വലതുപക്ഷ രാഷ്ട്രീയവും  വർഗീയ ചിന്തകളും മുന്നോട്ടുവയ്‌ക്കുന്ന സ്ഥിതിയുണ്ടായി. മാതൃഭാഷ രണ്ടാംകിടയാണെന്ന ചിന്താഗതികളും സജീവമായി. ഉത്തരാധുനിക ചിന്തകളും അതിന്റെ ഭാഗമായ സ്വത്വരാഷ്ട്രീയത്തെയും ഒളിച്ചുകടത്തുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.

മനുഷ്യസമൂഹം ആർജിച്ച വിജ്ഞാനങ്ങളെ പൊതുസമ്പത്തെന്ന നിലയിൽ കണ്ട്‌ ഇടപെടുന്ന രീതിക്കും തിരിച്ചടിയേറ്റു. അവയെപ്പോലും വ്യത്യസ്ത തലത്തിൽ കാണുന്ന രീതിയും രൂപപ്പെട്ടു. കേരളത്തിന്റെ ഇടതുപക്ഷ സാംസ്കാരിക അന്തരീക്ഷത്തെ വലതുപക്ഷവൽക്കരണത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് ആശയ അടിത്തറ ഉണ്ടാക്കിയെടുക്കുന്നത് ഉത്തരാധുനികതയും അതിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന സ്വത്വരാഷ്ട്രീയവുമാണ്. ഇവ രൂപപ്പെട്ട സാഹചര്യവും ആ സിദ്ധാന്തത്തിന്റെ ദുർബലതകളെയും തുറന്നുകാട്ടാൻ നമുക്ക് കഴിയേണ്ടതിന്റെ പ്രാധാന്യം രേഖ എടുത്തുപറയുന്നുണ്ട്.

ഉത്തരാധുനികത

ലോകത്തെ സർവകലാശാലകളിൽ ഉൾപ്പെടെ മാർക്സിസത്തിന്റെ കാഴ്ചപ്പാടുകളെ പ്രതിരോധിക്കാനുള്ള ആശയമെന്ന നിലയിലാണ് ഉത്തരാധുനികത മുന്നോട്ടുവന്നിട്ടുള്ളത്. എല്ലാ മഹാഖ്യാനങ്ങളും സമഗ്രമായ രീതികളും ആപൽക്കരമാണെന്ന് പഠിപ്പിക്കുന്ന ഉത്തരാധുനികതയുടെ വക്താക്കൾ, ലോകത്തെമ്പാടും അധിനിവേശം സ്ഥാപിക്കുന്ന മഹാപ്രസ്ഥാനമായി സാമ്രാജ്യത്വം മാറുന്നുവെന്നത് തിരിച്ചറിയുന്നില്ല. ജനങ്ങളെ വിവിധ സ്വത്വങ്ങളായി തിരിച്ച് പരസ്പരം ഏറ്റുമുട്ടിച്ച് മുതലാളിത്തത്തെ സംരക്ഷിക്കുന്ന നിലപാട് ഇതിലൂടെ സ്വീകരിക്കപ്പെടുകയാണ്. ഇവയ്ക്കെതിരെ പ്രതിരോധം തീർക്കുകയെന്നത് വർഗീയവും  വിഭാഗീയവുമായ രാഷ്ട്രീയത്തിന്റെ വികാസത്തെ തടുക്കുന്നതിന് പ്രധാനമാണ്. അതേസമയം ചരിത്രപരമായ കാരണങ്ങളാൽ പിന്തള്ളപ്പെട്ടുപോയ സ്വത്വവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടു മാത്രമേ സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കാനാകൂവെന്ന കാര്യം രേഖ എടുത്തുപറയുന്നു.

ഇന്ത്യൻ ദേശീയത സാമ്രാജ്യത്വ വിരുദ്ധം

ഇന്ത്യൻ ദേശീയത എന്ന കാഴ്ചപ്പാട് സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഉൽപ്പന്നമാണ്. അതിൽ വിവിധ ധാരകളുടെ സമന്വയമുണ്ട്. മതനിരപേക്ഷതയുടെയും സോഷ്യലിസത്തിന്റെയും തൊഴിലാളി–കർഷക പോരാട്ടങ്ങളുടെയും ആദിവാസികളുടെയും ദളിതരുടെയും സമരത്തിന്റെയും ഫലമാണത്‌. ആ പോരാട്ടത്തിന്റെ രേഖയെന്ന നിലയിലാണ് ഭരണഘടന രൂപപ്പെട്ടത്. ഹിന്ദുത്വവാദികൾ ബ്രാഹ്മണിക്കല്‍ രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. സമാനമായ വ്യാഖ്യാനം തന്നെയാണ് ദളിത് സ്വത്വവാദികളും ഉയർത്തുന്നത്.

ദീർഘമായ കാലഘട്ടം ബ്രാഹ്മണ മേധാവിത്വത്തിന്റെയും ചാതുർവർണ്യത്തിന്റെയും രീതികൾക്ക് അടിപ്പെട്ട സമൂഹമാണ് നമ്മുടെ രാജ്യത്തിന്റേത്. അതുകൊണ്ടുതന്നെ ബ്രാഹ്മണാധിപത്യത്തിന്റെ രീതികൾ സമൂഹത്തിന്റെ എല്ലാ സംവിധാനങ്ങളിലും  തീർച്ചയായും സ്വാധീനം ചെലുത്തും. എന്നാൽ, അതു മാത്രമാണ് ഇന്ത്യൻ ദേശീയതയുടെ രീതിയെന്ന് വിലയിരുത്തുന്നത് ഇന്ത്യൻ ജനത നടത്തിയ പോരാട്ടങ്ങളെ വിസ്മരിക്കലാണ്, ചരിത്രനിഷേധവുമാണ്‌.   മാത്രമല്ല, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ മാറിനിന്ന വിഭാഗങ്ങൾക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള കാഴ്ചപ്പാടായി അത് മാറുകയും ചെയ്യുകയാണെന്ന്‌ രേഖ എടുത്തുപറയുന്നു.

പൊതു ഇടങ്ങൾ വികസിപ്പിക്കണം

വർത്തമാന സാഹചര്യത്തിൽ സാംസ്കാരികരംഗത്തെ സമരമെന്നത് ഏറെ പ്രധാനമാണ്. അതിനുതകുന്ന നിരവധി നിർദേശങ്ങൾ രേഖ മുന്നോട്ടുവയ്‌ക്കുന്നു. ബഹുജനങ്ങൾക്കിടയിൽ പരസ്പരം യോജിപ്പിന്റെയും കൂടിച്ചേരലിന്റെയും രീതികളെ വളർത്തിയെടുക്കാൻ കഴിയുന്ന  ഏറെ നിർദേശങ്ങൾ ഇതിലുണ്ട്. ക്ലബ്ബുകൾ, കലാസമിതികൾ, വായനശാലകൾ, ഫിലിം ക്ലബ്ബുകൾ തുടങ്ങിയവയുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം രേഖ എടുത്തുപറയുന്നു. പൊതു ഇടങ്ങളെ വികസിപ്പിക്കേണ്ടതും നാടൻ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും പ്രധാനമാണ്‌. പുരോഗമന കലാസാഹിത്യസംഘം പോലുള്ളവയുടെ പ്രവർത്തനം വ്യാപിപ്പിക്കണം.  ഇതിന്റെ അടിസ്ഥാനത്തിൽ 41 നിർദേശം രേഖയിലുണ്ട്‌.

നവോത്ഥാന ആശയങ്ങൾ  മുന്നോട്ടുവയ്‌ക്കണം.  നമ്മുടെ സംസ്കാരത്തിന്റെ പൊതുവായ ഈടുവയ്‌പുകളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യണം.ഇത്‌ വളരെ  പ്രാധാനമാണ്‌. നവകേരള നിർമിതിയുടെ സാംസ്കാരിക അടിത്തറ എന്നത് മാതൃഭാഷ സംരക്ഷണംകൂടിയാണ്‌.  മനുഷ്യബന്ധങ്ങളെ ആർദ്രവും ജനാധിപത്യപരവുമാക്കുന്നത് കലയും അതുമായി ബന്ധപ്പെട്ട സംസ്കാരങ്ങളുമാണെന്ന തിരിച്ചറിവോടെ ഇടപെടണമെന്നും രേഖ   എടുത്തുപറയുന്നു. ഉത്തരാധുനിക സിദ്ധാന്തത്തിൽനിന്ന് ഊർജം വലിച്ചെടുത്ത് വികസിക്കുന്ന സ്വത്വരാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിനുള്ള വിപുലമായ ആശയപ്രചാരണം സംഘടിപ്പിക്കണം.  കേരളത്തിന്റെ ഇടതുപക്ഷ സാംസ്കാരിക അടിത്തറയെ കൂടുതൽ വികസിപ്പിക്കുന്നതിനുതകുന്ന പ്രായോഗികവും  സൈദ്ധാന്തികവുമായ ബദൽ അവതരിപ്പിക്കുന്നുവെന്ന നിലയിൽ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ  സുപ്രധാനമായ സ്ഥാനം ഈ രേഖയ്‌ക്കുണ്ടാകും എന്നും എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.