ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് കഥകൾ മെനഞ്ഞ ദൃശ്യമാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ മുഖ്യമന്ത്രി പിണറായി വിജയനെ ശനിയാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ കണ്ടത് അഭിഭാഷകന്റെ കൈക്കൂലിക്കേസ് ചർച്ചചെയ്യാനാണെന്ന തരത്തിലാണ് ചില ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് നൽകിയത്.
സ്വയം കഥമെനയുന്നത് മാധ്യമ ധാർമികതയ്ക്ക് വിഘാതമാണെന്ന് ഹൈക്കോടതി അസാധാരണ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സന്ദർശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്ത വാസ്തവവുമായി ഒരു ബന്ധവുമില്ലാത്തതാണ്. സമീപകാല സംഭവങ്ങളുമായി ബന്ധപ്പെടുത്തി കഥമെനയുകയായിരുന്നു. ഇത് നല്ല റിപ്പോർട്ടിങ് ശൈലിയല്ല. മകളുടെ വിവാഹം ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് പോയതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിൽ കോടതി അതൃപ്തിയും രേഖപ്പെടുത്തി.