നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കള്ളപ്രചാരണം നടത്തുന്നുവെന്ന് എച്ച് സലാം എം എല്‍ എ. സച്ചിന്‍ദേവ് എം എല്‍ എയും താനും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. ആ സമയത്ത് പ്രതിപക്ഷ നോതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും പ്രതിപക്ഷ എം എല്‍ എമാരുടെ പി എ മാരും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഭരണപക്ഷ എം എല്‍ എമാരില്‍ ആരെയെങ്കിലും ആക്രമിച്ച ദൃശ്യങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ കൈയ്യിലുണ്ടെങ്കില്‍ അവ പുറത്തുവിടാന്‍ തയ്യാറാവണമെന്ന് എം എല്‍ എമാരായ എച്ച് സലാമും സച്ചിന്‍ദേവും പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ.കെ. രമയുടെയും കളളക്കഥ അവരുടെ പ്രവൃത്തികളിലൂടെയും സംഭാഷണത്തിലൂടെയും പൊളിഞ്ഞുപോയി. സനീഷ് കുമാര്‍ എംഎല്‍എയെ ആരും മര്‍ദ്ദിച്ചിട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ തള്ളിമാറ്റി സ്പീക്കറുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് ബാരിക്കേഡ് പോലെ പ്രതിരോധം തീര്‍ക്കാന്‍ വാച്ച് ആന്റ് വാര്‍ഡ് നിര്‍ബന്ധിതമായത്. വി ഡി സതീശനാണ് നുണനയെന്ന് സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് എം എല്‍ എമാര്‍ പറഞ്ഞു.

സഭയില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം അതിരുകടക്കുമ്പോള്‍ ഇടപെടുന്നതുകൊണ്ടാണ് എച്ച്. സലാമിനെയും തന്നെയും ലക്ഷ്യം വെച്ച് കള്ളപ്രചരണം നടത്തുന്നതെന്ന് സച്ചിന്‍ ദേവ് എംഎല്‍എ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ സംരക്ഷണ വലയത്തിനുള്ളിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഉണ്ടായിരുന്നത്. അതിന് പുറത്താണ് ഭരണപക്ഷ എംഎല്‍എമാര്‍ ഉണ്ടായിരുന്നത്. ഇത്തരം വസ്തുതകള്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാനാവുമെന്ന് സച്ചിന്‍ദേവ് വ്യക്തമാക്കി.