കേരളത്തിന്‌ ഇതര സംസ്ഥാനങ്ങളുടെ സഹായഹസ്തം

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍. ഇതുവരെയായി ഇതരസംസ്ഥാനങ്ങള്‍ കേരളത്തിനായി 95 കോടി രൂപ പ്രഖ്യാപിച്ചു. ഇതിനു പുറമെ കോണ്‍ഗ്രസ് എംഎല്‍എമാര്‍, എംപിമാര്‍, എംഎല്‍സിമാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളം കേരളത്തിനായി നല്‍കും. നേരത്തെ എഎപി എംഎല്‍എമാരുടെയും എംപിമാരുടെയും ഒരു മാസത്തെ ശമ്പളം കേരളത്തിനു നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളും കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി പ്രഖ്യാപിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 10 കോടി രൂപയാണ് കേരളത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് 5 കോടി രൂപയും കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി 245 ഫയര്‍ സേനാംഗങ്ങളും ബോട്ടും കേരളത്തിനായി വിട്ടുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് 5 കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 20 കോടി രൂപ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി 10 കോടി രൂപ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് 10 കോടി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിങ് 10 കോടി രൂപ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 15 കോടി എന്നിങ്ങനെയാണ് കേരളത്തിലെ ദുരിതത്തിന് അറുതിവരുത്താന്‍ വിവിധ സംസ്ഥാനങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രാമന്‍ സിങ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.  പഞ്ചാബ് ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകളും, വെള്ളക്കുപ്പികള്‍ പാല്‍പ്പൊടി, ബിസ്‌കറ്റ് പഞ്ചസാര തുടങ്ങിയവയും ലുധിയാനയിലെ ഹല്‍വാര വിമാനത്താവളത്തില്‍ നിന്ന് അയച്ചു.

18-Aug-2018