യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടുമായി പി.വി. അൻവർ

യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടെടുത്ത് നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവർ. കൂടെ നിൽക്കണമെന്ന് പറഞ്ഞത് യുഡിഎഫാണ്. എന്നാൽ യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യുഡിഎഫിലേക്കില്ലെന്നും അൻവർ പറഞ്ഞു. പിണറായിസത്തിനെതിരെ പോരാട്ടം നടത്തിയെത്തിയ തൻ്റെ രാഷ്ട്രീയത്തോടൊപ്പം യുഡിഎഫ് നിന്നില്ല.

പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്തുക എന്നതാണ് നിലവിലെ അവരുടെ ലക്ഷ്യമെന്നും പി.വി. അൻവർ. "കൂടെ നിൽക്കണമെന്ന് പറഞ്ഞത് യുഡിഎഫാണ്. കുഞ്ഞാലിക്കുട്ടി ഇന്നും അതിന് വേണ്ടി പരിശ്രമിക്കുന്നു. എന്നിട്ടും സംഗതി നടക്കുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. അത് നിലമ്പൂരിലെ ജനങ്ങളോട് പറയും.

യുഡിഎഫിന് അകത്തു വന്നാലും ഞാൻ ഇങ്ങനെ തന്നെയാകും. അഞ്ച് മാസമായി വാലിൽ കെട്ടി നടത്തുന്നു". യുഡിഎഫ് നിർത്തുന്ന ഏത് ചെകുത്താനായാലും പിന്തുണയ്ക്കുമെന്ന് പറഞ്ഞതാണ്. ചെകുത്താൻ എന്നത് ഒരു പ്രയോഗമാണെന്നും അൻവർ കൂട്ടിച്ചേർത്തു .

31-May-2025