മലയാള മാധ്യമങ്ങൾ അന്ധമായ ഇടതുപക്ഷ വിരോധം കാണിക്കുന്നു: മുഖ്യമന്ത്രി

കേരളത്തിലെ മാധ്യമങ്ങൾക്ക് സംഘപരിവാർ ചായ്‌വ് കൂടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു വിരുദ്ധത പിന്തുടരുന്ന മാധ്യമങ്ങൾ, കളവ് കളവാണെന്ന ബോധ്യതയോടെ വാർത്ത നൽകുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാന മാധ്യമ പുരസ്കാര വിതരണ ചടങ്ങിനിടെയായിരുന്നു പിണറായി വിജയന്റെ പ്രസ്താവന.

മലയാള മാധ്യമങ്ങൾ അന്ധമായ ഇടതുപക്ഷ വിരോധം കാണിക്കുന്നെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഇടതുപക്ഷത്തിന് അത് പുതുമ ഉള്ള കാര്യമല്ലെങ്കിലും നാടിനോട് ആകെയുള്ള വിരോധമായി അത് മാറുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാർ നൽകുന്ന സഹായങ്ങളെ പരിഹസിക്കുകയാണ് മാധ്യമങ്ങളെന്ന വിമർശനവും മുഖ്യമന്ത്രി ഉയർത്തി. കേന്ദ്ര ബജറ്റിൽ കേരളത്തിന് പരിഗണന ഇല്ല. ഇതിനെതിരെ എത്ര മാധ്യമങ്ങൾ പ്രതികരിച്ചെന്നും അത് പരിശോധിക്കേണ്ടതല്ലേ എന്നും പിണറായി വിജയൻ ചോദിച്ചു. ഇലക്ട്രൽ ബോണ്ട്‌ വാർത്ത ഓർക്കുന്നവരുണ്ടാവില്ലേ ഇവിടെ. നുണ നുണ ആണെന്നറിഞ്ഞ് നൽകുക, പിന്നെ തിരുത്തുന്നു. തിരുത്തൽ അധികം ആളുകളിലേക്ക് എത്താത്ത വിധം ശ്രദ്ധിക്കുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മാധ്യമ സ്വാതന്ത്ര്യം റദ്ദ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥ കാലത്തിൽ നിന്നും വ്യത്യസ്തമല്ല ഇന്നത്തെ സാഹചര്യമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിൽ 151ാം സ്ഥാനത്താണ് ഇന്ത്യ. അഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണ്. സംഘപരിവാറിനെതിരെ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

27-Jun-2025