വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടൻ ഷമ്മി തിലകൻ. ജനഹൃദയങ്ങളിൽ വി.എസ് ആഴത്തിൽ പതിഞ്ഞ ഒരു മുദ്രയാണ്. അത് മായ്ക്കാൻ ഒരു കാലത്തിനും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോടൊപ്പം നിന്ന, ജനങ്ങൾക്കുവേണ്ടി ജീവിച്ച ആ ജനനായകന് ലഭിച്ച ഈ യാത്രയയപ്പ്, ഒരുപക്ഷേ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാവാമെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുസ്മരണം രേഖപ്പെടുത്തിയത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കണ്ണീരിൽ കുതിർന്ന വിടവാങ്ങൽ:
വിപ്ലവ സൂര്യന് ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യം! സഖാവ് വി.എസ് അച്യുതാനന്ദൻ എന്ന പേര് ഒരു രാഷ്ട്രീയ നേതാവിന്റെതിനേക്കാൾ ഉപരി, കേരളത്തിന്റെ മനസ്സിൽ ഒരു വികാരമായി മാറിക്കഴിഞ്ഞു എന്ന് തെളിയിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടത്. വിലാപയാത്രയിലുടനീളം തടിച്ചുകൂടിയ ജനസാഗരം, ആ ജനനായകനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ആഴം വിളിച്ചോതി.
അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോയ വഴികളിലെല്ലാം അണമുറിയാത്ത ജനപ്രവാഹം. പ്രായഭേദമന്യേ, രാഷ്ട്രീയ ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം കാത്തുനിന്നത്, ആ മഹാമനുഷ്യനെ ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യമർപ്പിക്കാനുമായിരുന്നു.
ഓരോ മുഖത്തും നിഴലിച്ചിരുന്ന ദുഃഖം, ഓരോ കണ്ണിൽ നിന്നും അടർന്നുവീണ കണ്ണുനീർ തുള്ളികൾ – അത് വെറും സാധാരണ കണ്ണീരായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ മുഴുവൻ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. ‘ഞങ്ങടെ സഖാവേ’ എന്ന് വിളിച്ച് നെഞ്ചുപൊട്ടി കരഞ്ഞ സാധാരണക്കാർ..! അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ മൗനമായി നിന്ന കുട്ടികൾ..! തളർച്ച മറന്ന് മുദ്രാവാക്യം വിളിച്ച വൃദ്ധർ…! ഈ ദൃശ്യങ്ങൾ ഓരോന്നും ഓർമ്മിപ്പിക്കുന്നത്, വി.എസ് വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല, സാധാരണ ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം എന്നതാണ്. അവരുടെ ദുരിതങ്ങളിൽ താങ്ങും തണലുമായിരുന്നു.