സ്‌കൂള്‍ സമയമാറ്റം; പരാതികള്‍ ഉണ്ടെങ്കില്‍ അടുത്ത അധ്യയന വര്‍ഷം പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
സ്‌കൂള്‍ സമയമാറ്റവുമായി മതസംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്നും ഭൂരിഭാഗം സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ശിവന്‍കുട്ടി.
അതേസമയം അടുത്ത വര്‍ഷം മാറ്റമുണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളും പരാതികളുമായി മുന്നോട്ട് പോകാന്‍ ആഗ്രഹമില്ലെന്നും എല്ലാവരുടെയും അഭിപ്രായം കേട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും പരാതികള്‍ ഉണ്ടെങ്കില്‍ അടുത്ത അധ്യയന വര്‍ഷം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തരാണെന്ന് സമസ്ത പ്രതികരിച്ചിരുന്നു. അടുത്ത അധ്യയന വര്‍ഷം ആവശ്യമായ മാറ്റം വരുത്തുന്നതിന് ചര്‍ച്ചകള്‍ നടത്താമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നല്‍കുന്നതാണെന്നും മദ്രസ സമയത്തില്‍ മാറ്റം വരുത്തില്ലെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.