2025 ലെ ഏറ്റവും ചെലവേറിയ വിദേശപര്യടനം മോദി നടത്തിയത് ഫ്രാന്‍സിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്ര ചെലവ് പുറത്ത്. 2021നും 2025നും ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകള്‍ക്കായി സര്‍ക്കാറിന് വന്ന ചെലവിന്റെ കണക്കുകള്‍ പുറത്തുവിട്ടത് രാജ്യസഭയിലാണ്. ഈ മാസം ആദ്യം അഞ്ച് രാജ്യങ്ങളിലേക്ക് നടത്തിയ പര്യടനം വരെയുള്ള വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 362 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിന് മുന്നില്‍ വെച്ച രേഖയില്‍ പറയുന്നു. തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ യാത്രാകണക്ക് പുറത്തുവിട്ടത്.

2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന് 362 കോടിയിലധികം രൂപയാണ് ചെലവായിരിക്കുന്നത്. അഞ്ച് രാജ്യങ്ങളിലേക്കുള്ള 2025ലെ യാത്രകള്‍ക്ക് 67 കോടിയിലധികം രൂപ ചിലവായി, അതില്‍ യുഎസ്, ഫ്രാന്‍സ് എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.

രാജ്യസഭയില്‍ പങ്കിട്ട കണക്കുകള്‍ പ്രകാരം, 2025 ലെ ഏറ്റവും ചെലവേറിയ വിദേശപര്യടനം മോദി നടത്തിയത് ഫ്രാന്‍സിലേക്കായിരുന്നു. 25 കോടിയിലധികം രൂപ ഈ യാത്രയില്‍ ചെലവായി.
തൊട്ടുപിന്നാലെ 16 കോടിയിലധികം രൂപയിലാണ് അമേരിക്കയിലേക്കുള്ള യാത്ര.

മൗറീഷ്യസ്, സൈപ്രസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അധിക സന്ദര്‍ശനങ്ങളുടെ കണക്കുകള്‍ ഇപ്പോഴും എഴുതി തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്നും രാജ്യസഭാ രേഖ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, 2024 ല്‍ റഷ്യയും യുക്രെയ്‌നും ഉള്‍പ്പെടെ 16 രാജ്യങ്ങളിലായി 109 കോടി രൂപ പ്രധാനമന്ത്രി മോദി ചെലവഴിച്ചതായാണ് കണക്ക്. 2023 ല്‍ ഏകദേശം 93 കോടി രൂപ ചെലവഴിച്ചു, അതേസമയം 2022 ലും 2021 ലും യഥാക്രമം 55.82 കോടി രൂപയും 36 കോടി രൂപയും ആയിരുന്നു പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പൊടിച്ചത്.

25-Jul-2025