ഗോവിന്ദച്ചാമിക്ക് ജയിൽ മാറ്റം; വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂർ ജയിലിൽ നിന്നും തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചു. ജയിലിൽ നിന്നും രക്ഷപ്പെട്ട് മണിക്കൂറുകൾക്കകം പിടിയിലായ സാഹചര്യത്തിലാണ് ഈ നടപടി. അതീവ സുരക്ഷയുള്ള ജയിൽ എന്ന നിലയിലാണ് വിയ്യൂരിലേക്ക് മാറ്റുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിലവിൽ കണ്ണൂർ പോലീസിന്റെ കസ്റ്റഡിയിലുള്ള ഗോവിന്ദച്ചാമിക്ക് എതിരെ ജയിലിൽ നിന്ന് രക്ഷപ്പെട്ട കുറ്റത്തിന് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി വീണ്ടും കണ്ണൂർ ജയിലിൽ എത്തിക്കും. ജയിൽ അധികൃതരുടെ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയുടെ അനുമതിയോടെ വിയ്യൂരിലേക്ക് മാറ്റും.

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടിയെന്ന് ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നും, ഉടൻ പിടികൂടാനായത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ റേഞ്ച് ഡിഐജി ഈ സംഭവം വിശദമായി അന്വേഷിക്കുമെന്നും ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി.

25-Jul-2025