കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ്
അഡ്മിൻ
കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രണ്ടാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് തായ്‌ലൻഡ് സൈനിക അതിർത്തി കമാൻഡർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് വഴി മാറിയേക്കാമെന്ന് തായ്‌ലൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി മുന്നറിയിപ്പ് നൽകിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തായ്‌ലൻഡിന്റെ പ്രദേശങ്ങളും പരമാധികാരവും സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ഫുംതം വെച്ചായച്ചായി പറഞ്ഞു. അയൽ രാജ്യമായതിനാൽ വിട്ടുവീഴ്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. എന്നാൽ തായ്‌ലൻഡ് അതിർത്തിയിൽ കംബോഡിയ നുഴഞ്ഞു കയറ്റം നടത്തുന്ന അടിയന്തര സാഹചര്യത്തിൽ സൈന്യത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയതായും ഫുംതം പറഞ്ഞു.
വ്യാഴാഴ്ച സംഘർഷം ആരംഭിച്ചതിനുശേഷം തായ്-കംബോഡിയൻ അതിർത്തി പ്രദേശത്ത് പതിനാറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കംബോഡിയയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് മൂന്നാം കക്ഷി മധ്യസ്ഥത വേണ്ടെന്നും ഉഭയകക്ഷി ചർച്ചകൾക്ക് തയ്യാറാണെന്നും തായ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തീരുമാനം അറിയിച്ച് മണിക്കൂറുകൾക്കകമാണ് കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ് രംഗത്തെത്തിയിരിക്കുന്നത്.