വി.ഡി. സതീശനെതിരെ വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്നാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ശ്രീനാരായണ ധര്‍മം എന്താണെന്ന് അറിയുന്ന വി.ഡി. സതീശനെ ശിഷ്യപ്പെടണമെന്നും പരിഹസിച്ചു.
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അഹങ്കാരിയും ധാര്‍ഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവാണ് സതീശന്‍. താന്‍ മുസ്ലീം വിരോധി അല്ല. മൂന്നാഴ്ച മുന്‍പ് സതീശന്‍ തന്നെ വീട്ടില്‍ വന്നു കണ്ടോട്ടെ എന്ന് ചോദിച്ചിരുന്നു. വരാന്‍ താന്‍ അനുവാദം നല്‍കി. ആ സതീശനാണ് തന്നെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണ് വിഡിയെന്നമായിരുന്നു കഴിഞ്ഞദിവസം വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീം വിഭാഗത്തിന് കൂടുതല്‍ പരിഗണന ലഭിക്കുന്നുവെന്ന ആരോപണം വെള്ളാപ്പള്ളി വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.
ഗുരുദേവന്‍ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. എന്റെ മണ്ഡലത്തില്‍ 52% വോട്ടര്‍മാരും ഈഴവ വിഭാഗത്തിലേതാണ്. എന്നെക്കുറിച്ച് അറിയാന്‍ മണ്ഡലത്തില്‍ തിരക്കിയാല്‍ മതി. ഒരു ഈഴവ വിരോധവും ഞാന്‍ കാണിച്ചില്ല. ഞാനും ഒരു ശ്രീനാരായണീയനാണ്. ആരു വര്‍ഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും വിഡി. സതീശന്‍ പ്രതികരിച്ചു.
കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമം പരിപാടിയിലെ വെള്ളാപ്പള്ളി നടേശന്റെ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മുസ്ലീം ജനസംഖ്യ കേരളത്തില്‍ വര്‍ധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരമാര്‍ശം.