മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയ സംഭവത്തിൽ പ്രതിഷേധം
അഡ്മിൻ
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയ സംഭവത്തിൽ പ്രതിഷേധം ശക്തം. നീതി തേടി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമീപിക്കുമെന്നും ക്രൈസ്തവർക്കെതിരെ ആവർത്തിക്കുന്ന നടപടികൾ ആശങ്കപ്പെടുത്തുന്നുവെന്നുമാണ് സി.ബി.സി.ഐ അറിയിച്ചിരിക്കുന്നത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ കണ്ണൂർ, അങ്കമാലി സ്വദേശികളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്കെതിരെയാണ് പോലീസ് നടപടി.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റങ് ദൾ സംഘമാണ് കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. ദുർഗിൽ വെച്ചായിരുന്നു സംഭവം. മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ചുനിർത്തിയ ശേഷം പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കന്യാസ്ത്രീകൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ, ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെവെച്ച് ഒരു സംഘമാളുകൾ തടഞ്ഞുവെക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ആരെയും ബലമായി കൊണ്ടുവന്നിട്ടില്ലെന്നും മതപരിവർത്തനം ചെയ്തിട്ടില്ലെന്നും റിമാൻഡിലായ കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടവർ മാധ്യമങ്ങളോട് പ്രതികരിച്ചു.