ധർമ്മസ്ഥല കേസിൽ പരാതിക്കാരൻ അറസ്റ്റിൽ

കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരൻ അറസ്റ്റിൽ. ധർമ്മസ്ഥലയിലെ വനത്തിൽ താൻ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇയാൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

ഇയാൾക്കൊപ്പം ആരോപണങ്ങൾ ഉന്നയിച്ച മറ്റൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ധർമ്മസ്ഥലയിൽ നിരവധി സ്ത്രീകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നും ഭീഷണിക്ക് വഴങ്ങി ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചുവെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. എൻ.‌എച്ച്‌.ആർ.‌സി ഉദ്യോഗസ്ഥർ ധർമസ്ഥല ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദർശിക്കുകയും ചെയ്തിരുന്നു.

ധർമസ്ഥല ഗ്രാമത്തിൽ യുവതിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിച്ചത് താൻ കണ്ടതായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) അറിയിച്ച രണ്ടാമത്തെ പരാതിക്കാരനായ ടി. ജയന്തിന് വധഭീഷണിയെന്ന് പരാതിയും ഇതിനിടെ ഉയർന്നിരുന്നു. 17 പേരടങ്ങുന്ന സംഘത്തിൽനിന്ന് വധഭീഷണി ഉണ്ടെന്ന് ധർമസ്ഥല പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. എസ്‌.ഐ.ടിയെ സമീപിച്ച ദിവസം മുതൽ ചില വ്യക്തികൾ അക്രമത്തിന് പ്രേരിപ്പിക്കുന്നതരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രസ്താവന പുറപ്പെടുവിച്ചു.

23-Aug-2025