പാര്‍ലമെന്റിലെ കോണ്‍ഗ്രസിന്റെ കരിദിനാചരണ നീക്കം പൊളിഞ്ഞു.

ന്യൂ ഡൽഹി : പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ കരിദിനം ആചരിക്കാനുള്ള നീക്കം സോണിയ ഗാന്ധി ഇടപെട്ട് തടഞ്ഞു. ശബരിമലയില്‍ യുവതി പ്രവേശനം നടന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആചരിച്ച കരിദിനം പാര്‍ലമെന്റിന് അകത്തും ആചരിക്കാനുള്ള കേരളത്തിൽ നിന്നുമുള്ള കോണ്‍ഗ്രസ് എംപിമാരുടെ തീരുമാനം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി തടഞ്ഞു. കരിദിനാചരണത്തിനു  എൈക്യദാര്‍ഢൃം പ്രഖ്യാപിച്ച് കൈയ്യിൽ ധരിക്കാനുള്ള കറുത്ത ബാൻഡ് വിതരണം ചെയ്യുമ്പോഴാണ് എന്തിനെന്ന ചോദ്യവുമായി സോണിയാഗാന്ധി എത്തിയത്. എന്നാൽ ശബരിമല പ്രശ്നങ്ങളും പ്രതിഷേധങ്ങളും പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തിൽ മാത്രം നടത്തിയാൽ മതിയെന്നും ദേശീയതലത്തിൽ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തിൽ കോൺഗ്രസിന് അനുകൂല നിലപാടാണുള്ളതെന്നും വ്യക്തമാക്കി. ലിംഗ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും ഒപ്പമാണ് എന്നും കൊണ്ഗ്രെസ്സ് നിലനിൽക്കുന്നതെന്ന് അവർ പറഞ്ഞു. അതോടെ എം പി മാർ പ്രതിഷേധത്തിൽ നിന്നും പിന്മാറി.

ദേശീയതലത്തിൽ കോൺഗ്രസ്സ് തുടക്കം മുതലേ ശബരിമലവിഷയത്തിൽ സ്ത്രീകൾക്ക് അനുകൂലമായ നിലപാടാണെടുത്തിരുന്നത്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


എന്നാൽ ഇന്നലെ കോൺഗ്രസ്സ് കേരളത്തിൽ കരിദിനം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൂഢാലോചന നടത്തിയാണ് സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റിയതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിക്കുകയും ചെയ്തിരുന്നു. 

 

04-Jan-2019