രാഹുലുണ്ട് സൂക്ഷിക്കുക! ഭയം വേണ്ട, ജാഗ്രത മതി; അനൗൺസ്‌മെൻ്റ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് തിരിച്ചെത്തിയതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ. രാഹുലുണ്ട് സൂക്ഷിക്കുക, ഭയം വേണ്ട, ജാഗ്രത മതി എന്നിങ്ങനെ അനൗൺസ്മെൻ്റ് നടത്തിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ട്രാൻസ്ജെൻഡേഴ്‌സും സൂക്ഷിക്കണമെന്നും, അനൗൺസ്മെൻ്റിൽ പറയുന്നു.

അതേസമയം, ഔദ്യോഗിക വാഹനത്തിലെ എംഎൽഎ ബോർഡ് മാറ്റിയാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

കെപിസിസി നിർവാഹക സമിതി അംഗം സി. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.ജെ. എൽദോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷ്, കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് നിഖിൽ കണ്ണാടി, എന്നിവർക്കൊപ്പമാണ് രാഹുലിനൊപ്പമുള്ളത്. രാഹുലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്നും, ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു.

24-Sep-2025