ലഡാക്കിൽ നിരോധനാജ്ഞ തുടരും: പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു
അഡ്മിൻ
ലഡാക്കില്‍ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. കഴിഞ്ഞ 24ന് സംഘർഷമുണ്ടായ സാഹചര്യത്തിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023ൻ്റെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ ഏർപ്പെടുത്തിയത്. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ജില്ലയിൽ അഞ്ചോ അതിലധികമോ ആളുകളെ ഒരുമിച്ചുകൂട്ടുന്നത് കർശനമായും നിരോധിച്ചിരിക്കുകയാണ്. മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു ഘോഷ യാത്രയോ റാലിയോ മാർച്ചോ നടത്താൻ പാടുള്ളതല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സമ്പൂര്‍ണ സംസ്ഥാന പദവി അനുവദിക്കാനും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താനുമുള്ള ലഡാക്കിലെ ജനങ്ങളുടെ പ്രക്ഷോഭത്തിൽ നാല് പേർ കൊല്ലപ്പെടുകയും 44 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
അറസ്റ്റിലായവരിൽ പ്രമുഖ ആക്‌ടിവിസ്റ്റും വക്താവുമായ സോനം വാങ്ചുക്കും ഉൾപ്പെടുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്‌എ) അറസ്റ്റ് ചെയ്യപ്പെട്ട വാങ്‌ചുക് നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ കഴിയുകയാണ്.