രാഹുൽ പൊതുപരിപാടികളിൽ നിന്ന് സ്വയം വിട്ടുനിൽക്കണം: മന്ത്രി വി ശിവൻകുട്ടി

പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി . സർക്കാർ പരിപാടിയിൽനിന്ന് ഒരു ജനപ്രതിനിധിയെ നിയമപരമായി മാറ്റിനിർത്താൻ കഴിയില്ലെന്നും, അതിനാൽ ഇത്തരം വേദികളിൽനിന്ന് സ്വയം മാറിനിൽക്കാനുള്ള ധാർമിക ഉത്തരവാദിത്തം രാഹുൽ കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാഹുലുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി. കൗൺസിലർ മിനി കൃഷ്ണകുമാർ വേദി വിട്ടതോടെയാണ് സംഭവം ചർച്ചയായത്.

വിഷയത്തെ വിദ്യാഭ്യാസ വകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഇനിയും ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്താതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഒരു ജനപ്രതിനിധിയെ ഇത്തരം വേദികളിൽനിന്നും മാറ്റിനിർത്താൻ നിയമപരമായി സാധിക്കില്ലെങ്കിലും, ധാർമിക ഉത്തരവാദിത്തം മുൻനിർത്തി രാഹുൽ ഇത്തരം വേദികളിൽ നിന്നും സ്വയം മാറി നിൽക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി പോസ്റ്റിൽ കൂട്ടിച്ചേർത്തു.

08-Nov-2025