മന്ത്രി കെ. എൻ. ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ധനമന്ത്രി കെ. എൻ. ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ, മന്ത്രിയുടെ വാഹനത്തിൽ ഇടിച്ച കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ മാത്യു തോമസിനെതിരെ വെഞ്ഞാറമൂട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി വാമനപുരത്ത് വെച്ചാണ് അപകടമുണ്ടായത്. ടാറ്റ നെക്സോൺ ഇ വി കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം മറ്റൊരു കാറിൽ ഇടിച്ച ശേഷമാണ്, എതിരെ വന്ന മന്ത്രിയുടെ വാഹനത്തിലേക്ക് ഈ ടാറ്റ നെക്സോൺ ഇ.വി. കാർ ഇടിച്ചുകയറിയത്. ഈ അപകടത്തിൽ മന്ത്രിയടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന്, തൊട്ടുപിന്നാലെ എത്തിയ ജി. സ്റ്റീഫൻ എം.എൽ.എയുടെ വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നത്. കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ ഇന്നലെ രാത്രി തന്നെ വിട്ടയച്ചു.

09-Nov-2025