ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55ഓടെയായിരുന്നു സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്‌ഫോടനമുണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.


ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു. എൻഎസ്ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

അതേസമയം, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.

ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

10-Nov-2025