ഡൽഹിയിൽ നടന്നത് ചാവേർ ആക്രമണം; സ്ഥിരീകരിച്ച് ഡൽഹി പൊലീസ്
അഡ്മിൻ
ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്തുണ്ടായ സ്ഫോടനം ചാവേർ ആക്രമണമായിരുന്നു എന്ന് ഡൽഹി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫരീദാബാദിൽ ഒരു ഭീകരസംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികാരമെന്നോണം പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ ആസൂത്രണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സ്ഫോടനത്തിനായി ആദ്യം ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ആയിരുന്നുവെന്ന് സൂചനയുണ്ട്.
സ്ഫോടനത്തിന് ഉപയോഗിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം നിർത്തിയിട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കറുത്ത മാസ്ക് ധരിച്ച ഒരാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പല തവണ കൈമാറിയ ഈ കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശിയായ താരിഖ് എന്നയാളാണെന്നും ഡൽഹി പോലീസ് തിരിച്ചറിഞ്ഞു.
ചെങ്കോട്ട സ്ഫോടനത്തിൽ മുപ്പതിലേറെ പേർക്കാണ് പരിക്കേറ്റത്. ഇതിൽ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ തിരിച്ചറിഞ്ഞവരെല്ലാം ഡൽഹി, യുപി, ബിഹാർ സ്വദേശികളാണ്.