ആയിരം രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷനുള്ള അർഹതാ മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ. 35നും 60നും ഇടയിലുള്ള മറ്റ് പെൻഷൻ പദ്ധതികളിൽ ഭാഗമാകാത്തവർക്കാണ് അർഹത. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് അപേക്ഷിക്കാം. അനർഹർ പെൻഷൻ വാങ്ങിയാൽ പലിശ സഹിതം തിരികെ പിടിക്കാനും നിർദേശം.
അർഹതയുള്ളവർ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനൊപ്പം സത്യവാങ്മൂലവും നൽകണം. സംസ്ഥാനത്തിനകത്ത് താമസിക്കുന്നവർക്ക് മാത്രമാണ് പെൻഷന് അർഹത. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, ജോലി ലഭിക്കുകയോ ചെയ്താൽ അനർഹരാകും. റേഷൻ കാർഡ് മാറിയാലും പെൻഷൻ ലഭിക്കില്ല. അനർഹമായി ആനുകൂല്യം കൈപ്പറ്റിയാൽ നടപടി 18% പലിശ സഹിതം തിരികെ ഈടാക്കും.
മാസം 1000 രൂപയാണ് പെൻഷനായി ലഭിക്കുക. ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിങ് ഉണ്ടായിരിക്കും. ഗുണഭോക്താവ് മരണപ്പെട്ടതിനു ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കില്ല. ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്നവർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് അപേക്ഷ നൽകാമെന്ന് ഉത്തരവിൽ പറയുന്നു.