മലപ്പുറത്ത് പി എം എ സലാമിന്റെ ഡിവിഷനിൽ ജനവിധി തേടി ലീഗ് വിമത
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വീട് ഉള്‍പ്പെടുന്ന തിരൂരങ്ങാടി നഗരസഭാ ഡിവിഷനിലേക്ക് മുസ്ലിം ലീഗ് വിമത സ്ഥാനാര്‍ഥി ജനവിധി തേടുന്നു. നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കാലൊടി സുലൈഖയാണ് തിരൂരങ്ങാടി 25-ാം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി രംഗത്ത് എത്തിയത്.
വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ഇവരുടെ പേര് ഉയര്‍ന്നിരുന്നു. തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സുലൈഖയ്ക്ക് സ്ഥാനാര്‍ഥിത്വം ഇല്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് ഉന്നതാധികാരസമിതി തീരുമാനിക്കുകയായിരുന്നു. ഇതോടയാണ് സുലൈഖ വിമത സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
അതേസമയം 25-ാം ഡിവിഷന്‍ തിരൂരങ്ങാടി കെ.സി. റോഡ് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിലവിലെ സ്ഥലം കൗണ്‍സിലര്‍ സി പി ഹബീബ പ്രചാരണം ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കും ഇവരുടെ പേര് ഉയരുന്നുണ്ട്. അതിനിടെയാണ് വിമതസ്ഥാനാര്‍ഥിയായി സുലൈഖ തെരഞ്ഞെടുപ്പ് രംഗത്തിറിങ്ങിയത്. മുമ്പ് വിമത സ്ഥാനാര്‍ഥിയായി തന്നെ തിരൂരങ്ങാടിയില്‍ മത്സരിച്ച് ഗ്രാമപ്പഞ്ചായത്ത് അംഗമായ വ്യക്തിയാണ് കാലൊടി സുലൈഖ. ഇടതുപക്ഷ പിന്തുണ സുലൈഖയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.
സുലൈഖയുടെ ചുവടുവയ്പ്പ് ലീഗിനുള്ളില്‍ തിരക്കിട്ട സംസാരങ്ങള്‍ക്ക് വഴി വയ്ക്കുമ്പോള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ വിമതപ്രവര്‍ത്തനം നടത്തുന്നത് പാര്‍ട്ടി അംഗീകരിക്കില്ലെന്നും ഇത്തരക്കാരുടെ പേരില്‍ കര്‍ശന നപടികള്‍ ഉണ്ടാകുമെന്നും ഈ നീക്കത്തെപ്പറ്റി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.