കിഫ്ബി മസാല ബോണ്ട് : ഇ.ഡി. നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി

മസാല ബോണ്ടിലെ കാരണം കാണിക്കല്‍ നോട്ടീസ് സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപ്പീല്‍ നൽകിയതിന് പിന്നാലെ, ഇ.ഡി. നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കിഫ്ബി മസാല ബോണ്ടിൽ ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ് ഇ.ഡി. നോട്ടീസ് അയച്ചത്. അതേസമയം, കിഫ്ബിക്കെതിരെയുള്ള നോട്ടീസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കിഫ്ബിക്കും മുഖ്യമന്ത്രിക്കും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനുമാണ് ഇ.ഡി. നോട്ടീസ് അയച്ചിരുന്നത്.

അന്വേഷണം തുടരാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കിഫ്ബിക്ക് അയച്ച നോട്ടീസില്‍ മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേറ്റിങ്ങ് കമ്മിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

17-Dec-2025