രാഷ്ട്രീയ നിലപാട് അടിവരയിട്ടുറപ്പിച്ചാണ് അന്താരാഷ്‌ട്ര ചലച്ചിത്ര മേള കൊടിയിറങ്ങുന്നത്: മുഖ്യമന്ത്രി
അഡ്മിൻ
രാജ്യത്ത് നടക്കുന്ന മറ്റ് ചലചിത്ര മേളകളിൽ നിന്നും വ്യത്യസ്തമാണ് ഐഎഫ്എഫ്കെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ രാഷ്ട്രീയ നിലപാട് ഐഎഫ്എഫ്കെയ്ക്ക് ഉണ്ട്. രാഷ്ട്രീയ നിലപാടിന് ശക്തമായ അടിവരയിടുന്നതാണ് മുപ്പതാമത് ചലച്ചിത്രമേള. മേളയുടെ ഉദ്ഘാടന ചിത്രം പലസ്തീൻ 36 ആയിരുന്നു. എക്കാലത്തും പലസ്തീൻ പക്ഷം നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മുഖ്യമന്ത്രി പറഞ്ഞു.
30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശാഗന്ധിയിലാണ് മേളയുടെ സമാപന സമ്മേളനം നടന്നത്. മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവരും സമാപന സമ്മേളനത്തിൽ സംസാരിച്ചു.
ഇത്തവണ പതിവില്ലാത്ത പ്രതിസന്ധി മേളക്കുണ്ടായി. അസാധാരണമായ പ്രതിസന്ധികൾ സൃഷ്ടിച്ചത് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ്. മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നുകയറ്റമാണിത്. ആറ് സിനിമകൾക്കുള്ള അനുമതി നിഷേധിച്ചു. കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റേത് അപഹാസ്യപരമായ നിലപാടാണ്. ബീഫ് എന്ന സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചു. എന്താണ് കാരണം, ബീഫ് എന്നാൽ അവർക്ക് ഒരർഥമേയുള്ളൂ.
ബീഫ് എന്ന ഭക്ഷണപദാർഥമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ലായിരുന്നു. ബീഫ് എന്നാൽ അർഥം പോരാട്ടം കലഹം എന്നൊക്കെയാണ്. ഇത് തിരിച്ചറിയാതെ ബീഫ് എന്ന് കേട്ട ഉടനെ വാളെടുത്തു. ഒടുവിൽ തങ്ങൾ ഉദ്ദേശിക്കുന്ന ബീഫ് അല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രദർശന അനുമതി നൽകി. രാഷ്ട്രീയ നിലപാട് അടിവരയിട്ടുറപ്പിച്ചാണ് മേള കൊടിയിറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.