ദേശീയ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെട്ടു. കോഴിക്കോട് കോർപ്പറേഷനിലെ പാളയം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടതാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 73 വോട്ടുകളുടെ നേരിയ വ്യത്യാസത്തിലാണ് ഇവിടെ UDF സ്ഥാനാർത്ഥി അൻവറ തെക്കോത്ത് പരാജയപ്പെട്ടത്.
പാളയം വാർഡ് എളുപ്പത്തിൽ ജയിക്കാമെന്നായിരുന്നു പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഐക്യമില്ലായ്മയും പരാജയത്തിന് കാരണമായെന്ന ആരോപണം പാർട്ടിക്കുള്ളിൽ ശക്തമാണ്. ഇതാണ് UDF സ്ഥാനാർത്ഥിക്ക് തിരിച്ചടിയായതെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തുറന്നടിക്കുന്നത്.
ഇക്കാര്യങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള വാട്സ്ആപ്പ് ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതിയറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ തല്ലിയാൽ തിരിച്ചടി ഉണ്ടാകുമെന്ന തരത്തിലുള്ള ഭീഷണിയുള്ള സന്ദേശങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ജനങ്ങളിലേക്ക് നേരിട്ട് എത്താതെ, സമൂഹമാധ്യമങ്ങളിൽ മാത്രം പ്രചരണം നടത്തിയാൽ ഇത്തരം ഫലങ്ങളുണ്ടാകുമെന്നും ശബ്ദ സന്ദേശത്തിൽ വിമർശനം ഉയരുന്നു.
പാളയം വാർഡിൽ 1273 വോട്ടുകൾ നേടിയ LDF സ്ഥാനാർത്ഥി അസ്വ. സാറ ജാഫർ ആണ് വിജയിച്ചത്. കോൺഗ്രസിനുള്ളിലെ ഈ ആഭ്യന്തര കലഹങ്ങൾ പാർട്ടിയുടെ ഭാവി രാഷ്ട്രീയ നീക്കങ്ങളെ എങ്ങനെ ബാധിക്കുമെന്നതാണ് ഇപ്പോൾ കോഴിക്കോട് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്.