പിവി അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതിനെതിരെ മുന്നണിയിൽ പ്രതിഷേധം

പിവി അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതിന് പിന്നാലെ മുന്നണിക്കുള്ളിൽ വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. അൻവറിനെ മുന്നണിയിൽ എടുത്തതിലുള്ള അതൃപ്തി മുല്ലപ്പള്ളി തുറന്നുപറഞ്ഞു. യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍ ഉയർത്തിയത് .

അവസര സേവകൻമാരുടെ അവസാനത്തെ അഭയ കേന്ദ്രമായി പാർട്ടി മാറരുതെന്ന് മുല്ലപ്പള്ളിയുടെ താക്കീത്. അതേസമയം യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയ പി വി അൻവർ യുഡിഎഫിൽ വരുമ്പോൾ സംയമനം പാലിക്കണമെന്നും UDF നെ വഴിയമ്പലമാക്കരുത് എന്നും മുല്ലപ്പള്ളി മാധ്യമങ്ങൾക്ക് മുൻപായി പറഞ്ഞു.

‘എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമുണ്ട്. ചർച്ചകൾ തുടങ്ങിയിട്ടേയുള്ളൂ, അവസാനിച്ചിട്ടില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ ഉൾപ്പെടുത്താവൂ. വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ പാർട്ടിയെ കുറിച്ച് അറിയില്ലെന്നും’ മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മുന്നണിയിലെത്തുന്ന പി വി അൻവർ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി പോകണമെന്നും മുന്നണിയിൽ അച്ചടക്കം പാലിക്കണമെന്നും പരസ്യപ്രസ്താവനകൾ ഗുണകരമല്ലെന്നും മുല്ലപ്പള്ളി താക്കീത് നൽകി.

23-Dec-2025