ലോക്ഭവനിൽ ക്രിസ്‌മസ് അവധി നിഷേധിച്ചതിനെതിരെ മന്ത്രി വി ശിവൻകുട്ടി

ക്രിസ്‌മസ് ദിനത്തിൽ ജീവനക്കാർക്ക് അവധി നിഷേധിച്ച് ലോക് ഭവനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഉത്തർപ്രദേശിൽ സ്‌കൂളുകൾക്ക് ഉൾപ്പെടെ അവധി നിഷേധിച്ച് പുറത്തിറക്കിയ ഉത്തരവുകളുടെ തുടർച്ചയായാണ് ലോക് ഭവനിലെയും ഈ നടപടിയെന്ന് മന്ത്രി വിമർശിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് ലോക് ഭവൻ അധികൃതർ നൽകിയ വിശദീകരണവും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുക്കൽ ‘ഓപ്ഷണൽ’ ആണെന്ന അധികൃതരുടെ വാദം കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒരു പ്രധാന ആഘോഷദിനത്തിൽ ഓഫീസിൽ ഹാജരാകാൻ നിർദേശിക്കുന്നതുതന്നെ ജനാധിപത്യ വിരുദ്ധവും തൊഴിൽനീതിക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ‘ഓപ്ഷണൽ’ എന്നത് പേരിൽ മാത്രം ഒതുങ്ങുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്രമായി ആഘോഷിക്കുന്ന ഒരു ദിനത്തെ ഇത്തരത്തിൽ ഔദ്യോഗിക പരിപാടികൾക്കായി ഉപയോഗിക്കുന്നത് മതനിരപേക്ഷ മൂല്യങ്ങൾക്ക് വെല്ലുവിളിയാണെന്നും ഇത്തരം പ്രവണതകൾ തിരുത്തപ്പെടണമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സ്വർണ്ണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി നടത്തിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവകരമാണെന്നും മന്ത്രി വ്യക്തമാക്കി.

25-Dec-2025