കോൺഗ്രസിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി

ബെംഗളൂരുവിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും നടന്ന ബുൾഡോസർ നടപടിയിൽ കർണാടക സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം നടപടികൾ അങ്ങേയറ്റം വേദനയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പിലാക്കുന്ന ന്യൂനപക്ഷ വിരുദ്ധവും ആക്രമോത്സുകവുമായ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ കോൺഗ്രസ് എന്തുപറഞ്ഞാണ് ന്യായീകരിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.


കൊടുംതണുപ്പിൽ ഒരു ജനതയെയാകെ തെരുവിലിറക്കി പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്ന നടപടി ഞെട്ടലുണ്ടാക്കുന്നതാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ആക്രമോത്സുകമായ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ അതേ പതിപ്പാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരും പിന്തുടരുന്നത്. പാവപ്പെട്ടവർക്ക് തണലാകേണ്ട ഭരണകൂടം തന്നെ അവരെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുമ്പോൾ, ഇതിനെ എന്ത് ന്യായീകരണത്തിന്റെ പേരിൽ കോൺഗ്രസ് നേരിടുമെന്നും അദ്ദേഹം ചോദിച്ചു. ഉത്തരേന്ത്യൻ മോഡൽ ‘ബുൾഡോസർ നീതി’ ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കുമ്പോൾ അതിന് കാർമ്മികത്വം വഹിക്കുന്നത് കോൺഗ്രസ് ആണെന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

26-Dec-2025