ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് ഗ്രൂപ്പ് പോര്
അഡ്മിൻ
കോൺഗ്രസിലെ ആഭ്യന്തര ഗ്രൂപ്പ് തർക്കങ്ങളെത്തുടർന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ, ഭരണകക്ഷിയായ കോൺഗ്രസ് അംഗങ്ങൾ തന്നെ വിട്ടുനിന്നതോടെ ക്വാറം തികയാതെ വന്നതിനാലാണ് വരണാധികാരി വോട്ടെടുപ്പ് മാറ്റിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരംഭിച്ച തർക്കങ്ങൾ വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പരസ്യമായ പോരിലേക്ക് നീങ്ങുകയായിരുന്നു. കെ.സി. വേണുഗോപാൽ വിഭാഗക്കാരനായ മുഹമ്മദ് അസ്ലമിനെ ഒഴിവാക്കി ചെന്നിത്തലയുടെ വിശ്വസ്തൻ വി.കെ. നാഥനെ പ്രസിഡന്റാക്കിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങളാണ് ഇപ്പോഴത്തെ നാടകീയ നീക്കങ്ങൾക്ക് പിന്നിലെന്നാണ് സൂചന.
യുഡിഎഫിൽ നിന്ന് വിജയിച്ച നാല് വനിതാ അംഗങ്ങൾക്കും വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി ആക്ഷേപമുണ്ട്. ഇതിനിടെ പള്ളിപ്പാട് ഡിവിഷനിൽ നിന്നുള്ള അശ്വതിയെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതോടെ മറ്റ് മൂന്ന് വനിതാ അംഗങ്ങൾ രാജിഭീഷണി മുഴക്കി രംഗത്തെത്തി. ഇത് ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിനും ബഹളത്തിനും കാരണമായി.
സ്ഥാനാർത്ഥി നിർണ്ണയം മുതൽ നിലനിൽക്കുന്ന ചെന്നിത്തല – വേണുഗോപാൽ വിഭാഗങ്ങൾ തമ്മിലുള്ള പോര് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എത്തിയതോടെ പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.