സംസ്ഥാന സർക്കാരിന്റെ ബൃഹത്തായ ജനസമ്പർക്ക പരിപാടി നവകേരള സർവേ ഇന്ന് മുതൽ ആരംഭിക്കുന്നു

വികസിത കേരളം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ബൃഹത്തായ ജനസമ്പർക്ക പരിപാടിയായ ‘സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം’ (നവകേരള സർവേ) ഇന്ന് മുതൽ ആരംഭിക്കുന്നു. കേരളത്തിന്റെ ഭാവി വികസനത്തിനായുള്ള നിർദ്ദേശങ്ങൾ തേടുക എന്നതിനൊപ്പം സർക്കാർ നടപ്പിലാക്കിയ പ്രധാന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയുമാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന സർവേയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർ സംസ്ഥാനത്തെ ഓരോ വീടുകളിലുമെത്തി വിവരശേഖരണം നടത്തും.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സംഘടിപ്പിക്കുന്ന ഈ പദ്ധതിക്കായി 85,000 സന്നദ്ധ പ്രവർത്തകരെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഒരു വാർഡിൽ രണ്ട് പ്രവർത്തകർ എന്ന നിലയിലായിരിക്കും സന്ദർശനം. സംസ്ഥാനത്തിന്റെ ഭാവി വികസനം, നിലവിലെ വികസന പദ്ധതികളിൽ വരുത്തേണ്ട മാറ്റങ്ങൾ, പുതിയ ക്ഷേമപദ്ധതികൾ, നിലവിലുള്ള ക്ഷേമപദ്ധതികളിലെ പരിഷ്കാരങ്ങൾ എന്നിങ്ങനെ നാല് പ്രധാന ചോദ്യങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ സർവേയുടെ ഭാഗമായി വെക്കുന്നത്. 2031-ഓടെ കേരളത്തെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് സർവേയെന്ന് സർക്കാർ വിശദീകരിക്കുന്നു.

വിവരശേഖരണത്തിന് പുറമെ, സർക്കാരിന്റെ കഴിഞ്ഞകാല നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകളും പ്രവർത്തകർ വീടുകളിൽ വിതരണം ചെയ്യും. വികസന കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനും താഴെത്തട്ടിലുള്ള വികാരങ്ങൾ മനസ്സിലാക്കാനും ഈ സർവേ സർക്കാരിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. രണ്ട് മാസം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

01-Jan-2026