യുഡിഎഫും ബിജെപിയും ആഗോളവൽക്കരണത്തിന്റെ ഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്നു; മുഖ്യമന്ത്രി
അഡ്മിൻ
യുഡിഎഫ് ഭരണകാലത്ത് പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ നിരാശ അനുഭവപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വികസനം പുരോഗമിച്ചപ്പോൾ, കേരളത്തിൽ വികസന മുരടിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും 2016 കാലഘട്ടത്തിൽ സംസ്ഥാനത്തിന്റെ അവസ്ഥ അതായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമോദ് നാരായണന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ൽ എൽഡിഎഫ് അധികാരത്തിലെത്തുമ്പോൾ ജനങ്ങൾക്ക് വ്യക്തമായ ഉറപ്പുകൾ നൽകിയിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ എൽഡിഎഫിനെ വീണ്ടും അധികാരത്തിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. “ഇവിടെ ഒന്നും നടക്കില്ല” എന്ന ധാരണയെ മാറ്റി “ഇവിടെ നടക്കും” എന്ന ആത്മവിശ്വാസം ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് വീണ്ടും വരേണ്ടതിന്റെ ആവശ്യകത ജനങ്ങൾ തന്നെ തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിലൂടെ കേരളം ലോകശ്രദ്ധ നേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ നയങ്ങൾ യുഡിഎഫിൽ നിന്ന് വ്യത്യസ്തമാണെന്നും, യുഡിഎഫും ബിജെപിയും ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും നയങ്ങൾ പിന്തുടരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഈ നയങ്ങളിൽ സാധാരണക്കാരുടെ പങ്ക് കുറഞ്ഞതുകൊണ്ട് പാവപ്പെട്ടവർ കൂടുതൽ പിന്നാക്കം പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എൽഡിഎഫ് സാധാരണക്കാരെ മുൻനിർത്തിയുള്ള നയങ്ങളാണ് നടപ്പാക്കുന്നതെന്നും അതിനാലാണ് അതിദാരിദ്ര്യം കുറയ്ക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
തുടർച്ചയായ എൽഡിഎഫ് ഭരണമാണ് ഈ നേട്ടങ്ങൾക്ക് വഴിവച്ചതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപ സൗഹൃദ രംഗത്ത് കേരളം വലിയ മുന്നേറ്റം കൈവരിച്ചു; 2016ൽ പിന്നാക്ക നിലയിലായിരുന്ന സംസ്ഥാനമാണ് ഇപ്പോൾ മുൻനിരയിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപം വേഗത്തിലാക്കാൻ നിയമപരമായും ഭരണപരമായും നടപടികൾ സ്വീകരിച്ചതായും, കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ വലിയ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷമാണുള്ളതെന്നും, കഴിഞ്ഞ പത്ത് വർഷത്തിനിടെ വലിയ വർഗ്ഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമാധാന സാഹചര്യമാണ് കേരളത്തെ നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സംസ്ഥാനമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വർഗ്ഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.