സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിലുള്ള കടുത്ത അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ താൻ അതീവ ദുഃഖിതനാണെന്നും നേതൃത്വം എടുത്ത തീരുമാനം നേരത്തെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മത്സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് പിന്മാറാൻ ആവശ്യപ്പെട്ടതെന്ന് എൽദോസ് കുറ്റപ്പെടുത്തി. “സീറ്റ് നൽകുന്നില്ലെങ്കിൽ അത് ഒരു മാസം മുൻപെങ്കിലും പറയാമായിരുന്നു. ജനങ്ങളെ കാണാൻ പോയ സമയം നേതാക്കളെ കാണാൻ മാറ്റി വെച്ചിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരുമായിരുന്നില്ല,” എന്ന് അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച തന്നെ നേതൃത്വം അവഗണിച്ചുവെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

എല്ലാം ദൈവനിശ്ചയമാണെന്ന് കരുതുന്നുവെന്നും തന്റെ പ്രവർത്തന ശൈലിയിൽ ഇനി മാറ്റം വരുത്തുമെന്നും എൽദോസ് വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽദോസിന്റെ ഈ പരസ്യ നിലപാട് കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴി വെക്കുമെന്നുറപ്പാണ്.

25-Mar-2026