സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനങ്ങൾ ശക്തിപ്പെട്ട കാലമാണ് കഴിഞ്ഞ പത്ത് വർഷം: മുഖ്യമന്ത്രി

ജനങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ബദൽ വികസന മാതൃകയാണ് കേരളം ഉയർത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോഴും യു.ഡി.എഫ് അതിനൊപ്പം നിന്നുവെന്നും, ഈ സാഹചര്യങ്ങളെ മറികടന്നാണ് സംസ്ഥാനത്ത് വികസനം സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളൂരിലെ പേപ്പർ ഫാക്ടറി സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രം വിറ്റഴിക്കാൻ ശ്രമിച്ച സ്ഥാപനമാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതെന്നും, ഇത് ബദൽ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് ലാഭകരമാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, കഴിഞ്ഞ പത്ത് വർഷം പൊതുമേഖല ശക്തിപ്പെട്ട കാലഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് നഷ്ടത്തിലായിരുന്ന നിരവധി സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

റബ്ബർ കൃഷി മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയ സർക്കാരുകളുടെ നയങ്ങളാണ് ഇതിന് കാരണമെന്നും, റബ്ബർ കർഷകർക്ക് താങ്ങുവില നൽകി സംസ്ഥാനം സംരക്ഷണം നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

25-Mar-2026