എന്തുകൊണ്ട് എൽഡിഎഫ് എന്ന ചോദ്യത്തിന് ജനങ്ങൾ നൽകുന്ന മറുപടി ജനക്ഷേമ പ്രവർത്തനങ്ങൾ : മുഖ്യമന്ത്രി
അഡ്മിൻ
ഇടതുപക്ഷ മുന്നണി എല്ലായ്പ്പോഴും മനുഷ്യപക്ഷത്താണ് നിലകൊണ്ടിട്ടുള്ളതെന്നും, സമൂഹത്തിലെ പാവപ്പെട്ടവർക്കൊപ്പമാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനത്ത് അതിദാരിദ്ര്യം കുറയ്ക്കാൻ കഴിഞ്ഞത് ഈ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയാണെന്നും പാലായിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
“എന്തുകൊണ്ട് എൽഡിഎഫ്?” എന്ന ചോദ്യത്തിന് ജനങ്ങൾ നൽകുന്ന മറുപടി ഇതേ ക്ഷേമ പദ്ധതികളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച പുരോഗതി ശ്രദ്ധേയമാണെന്നും, നവജാത ശിശുമരണ നിരക്കിൽ അമേരിക്കയെ മറികടന്നതും രാജ്യത്ത് ഏറ്റവും ഉയർന്ന ആയുസ് ദൈർഘ്യം കേരളത്തിനാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ആരോഗ്യ സംവിധാനത്തിന്റെ കരുത്തിലാണ് കോവിഡ് മഹാമാരിയെ സംസ്ഥാനത്തിന് ഫലപ്രദമായി നേരിടാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ രംഗത്തും കേരളം മുന്നേറ്റം കൈവരിച്ചിരിക്കുകയാണെന്നും, ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ മികച്ച സർവകലാശാലകളിൽ രണ്ടും, മികച്ച നൂറ് കോളേജുകളിൽ പതിനെട്ടും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണത്തിന്റെ ഫലമായാണ് ഈ നേട്ടങ്ങളെന്നും, സംസ്ഥാനത്തിന്റെ പുരോഗതി പുതിയ ദിശയിൽ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.