ത്രിപുരയിൽ കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിക്ക് കൈമാറി: എം എ ബേബി
അഡ്മിൻ
സിപിഐഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന ആരോപണം അസത്യമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി വ്യക്തമാക്കി. പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുനിൽ കനഗോലു ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റിദ്ധാരണകളാണെന്നും കോൺഗ്രസ് നേതാക്കൾ അവ വിശ്വസിക്കുന്നതിൽ അതിശയമുണ്ടെന്നും ബേബി പറഞ്ഞു. പ്രശാന്ത് കിഷോറും കനഗോലുവും ചേർന്ന് നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കാൻ നടത്തിയ ഇടപെടലുകൾ എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സിപിഐഎമ്മിന് ബിജെപിയുമായി അന്തർധാരയുണ്ടെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കരുതായിരുന്നുവെന്നും ബേബി കൂട്ടിച്ചേർത്തു.
ത്രിപുരയിലെ രാഷ്ട്രീയ സാഹചര്യവും അദ്ദേഹം വിമർശിച്ചു. അവിടെ കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിക്ക് വഴിമാറിയതാണെന്നും ആ പിന്തുണയാണ് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ സഹായിച്ചതെന്നും ബേബി ആരോപിച്ചു.