ജനങ്ങൾ നൽകിയ വിശ്വാസത്തിന് അനുസരിച്ച് എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചു: മുഖ്യമന്ത്രി

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രത്യേകം ഊന്നിപ്പറഞ്ഞു. രാജ്യത്തെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് തെരഞ്ഞെടുപ്പ് എത്ര നിർണായകമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016-ൽ എൽഡിഎഫ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിൽ ജനങ്ങൾ വലിയ പ്രതീക്ഷ വെച്ചിരുന്നുവെന്നും, ആ വിശ്വാസത്തിന് അനുസരിച്ച് സർക്കാർ പ്രവർത്തിച്ചതിന്റെ ഫലങ്ങൾ എല്ലാ മേഖലകളിലും പ്രകടമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നടക്കില്ലെന്ന് കരുതപ്പെട്ട നിരവധി പദ്ധതികൾ യാഥാർഥ്യമാക്കിയതായും, പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ സർക്കാരിന് കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവ് മണ്ഡലം പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

2016 വരെ നിലനിന്നിരുന്ന സാഹചര്യങ്ങളെ മാറ്റിമറിച്ചാണ് 2021-ൽ ജനങ്ങൾ വീണ്ടും തുടർഭരണം നൽകിയത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തെ പുരോഗതി വിലയിരുത്തുമ്പോൾ, കേരളം ആധുനിക വികസനത്തിന്റെ പാതയിൽ മുന്നേറുന്ന സംസ്ഥാനമായി മാറിയതായി അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനം യാഥാർഥ്യമാക്കിയതും, രണ്ട് ഹൈവേകൾക്കായി കിഫ്ബി വഴി പതിനായിരം കോടി രൂപ കണ്ടെത്തിയതും പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത പദ്ധതിയുടെ പ്രവർത്തനം അവസാനഘട്ടത്തിലാണെന്നും, ലോകശ്രദ്ധ നേടിയ വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഇത് കേരളത്തിന്റെയും രാജ്യത്തിന്റെയും ഏറ്റവും വലിയ തുറമുഖമായി വളരാനുള്ള സാധ്യതയുള്ളതാണെന്നും, വികസനത്തിന് അനന്ത സാധ്യതകൾ തുറക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗതാഗത സൗകര്യങ്ങളിൽ വലിയ പുരോഗതി കൈവരിച്ചതോടൊപ്പം, വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയ മുന്നേറ്റം സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ രാജ്യത്തെ മികച്ചതാക്കി മാറ്റാൻ കഴിഞ്ഞതായും, അതിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

 
 

31-Mar-2026