രഞ്ജിത്തിനെതിരെ ഉയര്‍ന്ന പരാതിയില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍

സംവിധായകന്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്ന പരാതിയില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്ത്. രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആണ് മന്ത്രി വ്യക്തമാക്കിയത്.അതേസമയം കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, സിനിമ സെറ്റില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി ലഭിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു.

മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും പരാതിയില്‍ പ്രാഥമികമായി വസ്തുത ഉണ്ടെന്നതിനാലാണ് റിമാന്‍ഡ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്ത് സിനിമാ നയം കൊണ്ടുവന്നിട്ടുണ്ടെന്നും അത് കാബിനറ്റ് അംഗീകരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. സിനിമ സെറ്റുകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞു. അടുത്ത സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിലേക്ക് കടക്കും.

സിനിമാ സെറ്റുകളില്‍ മുമ്പ് ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമാ നയം രൂപീകരിച്ചതെന്നും, ഇപ്പോഴത്തെ നടപടി ആ നയം തുടര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു. ഇരയോടൊപ്പമാണ് സര്‍ക്കാര്‍ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചതു അദ്ദേഹത്തിന്റെ കഴിവ് പരിഗണിച്ചാണെന്നും, അക്കാദമിയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പരാതി ഉയര്‍ന്നതോടെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

 

01-Apr-2026